ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ഉമർ ഖാലിദിന് പിന്തുണയറിയിച്ച ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മാംദാനിക്കെതിരെ കേന്ദ്രം. മറ്റു രാജ്യങ്ങളുടെ നിയമവ്യവസ്ഥകളെ ബഹുമാനിക്കാതെ അവഹേളിക്കുകയാണ് സൊഹ്‌റാൻ മാംദാനിയെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വ്യക്തിപരമായ മുൻവിധിയാണ് അദ്ദേഹം പ്രകടപ്പിച്ചതെന്നും ഒരു ഭരണാധികാരിക്ക് യോജിച്ച പ്രവർത്തിയല്ല ഇതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൽ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ കടമകളും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സൊഹ്‌റാൻ മാംദാനി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവാര വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു അദ്ദേഹം ഉമർ ഖാലിദിന് എഴുതിയ കത്തിന്റെ ഉള്ളടക്കം പ്രചരിച്ചത്. ഖാലിദിന്റെ സുഹൃത്തായ ബാനോ ജ്യോത്സ്‌ന ലാഹിരിയായിരുന്നു എക്സിൽ കത്ത് പങ്കുവെച്ചത്. ഉമർ ഖാലിദിന്റെ മാതാപിതാക്കൾ 2025 ഡിസംബറിൽ യുഎസ് സന്ദർശിച്ച സമയത്ത് മംദാനി ഈ കത്ത് അവർക്ക് നേരിട്ട് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. കത്തിൽ ഖാലിദിന്റെ അനുഭവങ്ങളെയും നിലപാടുകളെയും കുറിച്ച് പരാമർശിച്ചിരുന്നു. ഇത് ചർച്ചയായതോടെയാണ് കേന്ദ്രം പ്രതികരണവുമായി രംഗത്തെത്തിയത്.
ജനുവരി 5ന് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇവർക്കെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ കോടതി തൃപ്തരായതോടെയാണ്, ജാമ്യം ലഭിക്കാഞ്ഞത്. അതേസമയം, കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ് ഫാത്തിമ, മീരാൻ ഹൈദർ, ഷിഫുർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ഇവരുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
English Summary: India has expressed strong displeasure to New York Mayor Zohran Mamdani over his letter supporting Umar Khalid, stating it disrespects India’s judicial process.