India

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാരക്കരാറിന് ധാരണയായി; ട്രംപിന് നന്ദി പറഞ്ഞ് മോദി

വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കരാർ നിർണായക പങ്കു വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Madism Desk

ഇന്ത്യ അമേരിക്ക വ്യാപാര കരാറിന് ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയും അമേരിക്കയും മഹത്തായ രാജ്യങ്ങളാണെന്നും, ഇത് സന്തോഷവാർത്തയാണെന്നും, മോദി എക്‌സിലൂടെ ഔദ്യോഗിക അറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തിന്‍റെ ആഴവും വിശ്വാസവും പ്രതിഫലിക്കുന്നതാണ് കരാറെന്നും, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴിലവസരം വര്‍ധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കരാർ നിർണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ കർഷകർക്കും സംരംഭകർക്കും എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഈ കരാറിലൂടെ വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഈ കരാർ നടപ്പിലാക്കുന്നതിന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഇടപെടലുകൾക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലിന്‍റെ ട്വീറ്റ് പങ്കുവച്ചായിരുന്നു മോദിയുടെ കുറിപ്പ്.

കര്‍ഷക താല്‍പര്യം ഉറപ്പാക്കിയാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു. കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കിയെന്നും ചോളം,ഗോതമ്പ്, സോയ,അരി,പച്ചക്കറി തീരുവ കുറയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു. കരാർ വഴി, ഇന്ത്യൻ കയറ്റുമതിക്കാർക്കും ചെറുകിട മേഖലയിലുള്ളവർക്കും ഏകദേശം 30 ട്രില്യൺ ഡോളറിന്റെ വിശാലമായ അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാകുമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും ഇന്ത്യയ്ക്ക് ലക്ഷ്യമുണ്ട്.

English Summary: Prime Minister Narendra Modi announced that India and the United States have reached an understanding on an interim trade agreement, aimed at boosting jobs, strengthening Make in India, and expanding market access.