India

'ഇറാന്റെ നാവികസേന കപ്പല്‍ കൊച്ചിയിലുണ്ട്, മറക്കരുത്'; ആക്രമിച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ടെഹ്‌റാന് ഇന്ത്യയുടെ മുന്നറിയിപ്പ്

മുന്നറിയിപ്പ് നല്‍കി മിനുറ്റുകള്‍ക്കുള്ളില്‍ ഇറാന്‍ നാവികസേന കപ്പലുകള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു

Madism Desk

ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. സുരക്ഷിത യാത്രയൊരുക്കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അധികൃതർ ഇറാനെ അറിയിച്ചിട്ടുണ്ട്. വഴങ്ങിയില്ലെങ്കില്‍ കൊച്ചിയില്‍ ഇറാന്‍ നാവികസേനയുടെ കപ്പലിന് അഭയം നല്‍കിയ കാര്യമുള്‍പ്പെടെ ഇന്ത്യ ഓര്‍മ്മപ്പെടുത്തിയേക്കും. ഹോര്‍മൂസില്‍ കടന്നുപോകുന്ന എല്ലാ കപ്പലുകള്‍ക്കും കനത്ത നികുതി ഏര്‍പ്പെടുത്താനാണ് ഐആര്‍ജിഎസ് ആഗ്രഹിക്കുന്നത്. എന്നാല്‍ സംഘര്‍ഷത്തില്‍ യാതൊരുവിധത്തിലും പങ്കാളികളല്ലാത്ത ഇന്ത്യ ഇത്തരമൊരു ആവശ്യം പരിഗണിക്കില്ലെന്ന് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്‍ ഇന്ത്യയുടെ സഹായം തേടി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. മാര്‍ച്ച് 4ന് യുഎസ് അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേന ശ്രീലങ്കന്‍ തീരത്ത് വെച്ച് തകര്‍ന്നിരുന്നു. 40ലധികം ഇറാന്‍ നാവികസേനാംഗങ്ങള്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്, പിന്നാലെയാണ് ഐആര്‍ഐഎസ് ലാവന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊച്ചിയിലെത്തിയത്.

183 ജീവനക്കാരില്‍ 120 പേരെ ഇന്ത്യ സുരക്ഷിതമായി ഇതിനോടകം നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നിലവില്‍ കപ്പല്‍ പരിപാലിക്കാന്‍ ആവശ്യമായ അത്യാവശ്യം ജീവനക്കാര്‍ മാത്രമാണ് കേരളത്തില്‍ തുടരുന്നത്. ഇവര്‍ക്ക് പ്രത്യേക താമസ സൗകര്യവും ഇന്ത്യന്‍ നേവി ഒരുക്കിയിട്ടുണ്ട്.

ഇറാനിയന്‍ നയതന്ത്ര കാര്യാലയവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇന്ത്യന്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാനാണ് ഇറാന്‍ നയതന്ത്ര കാര്യാലയത്തിന്റെ താല്‍പ്പര്യം, എന്നാല്‍ എല്ലാ കപ്പലുകള്‍ക്കും ചുങ്കം ഏര്‍പ്പെടുത്തി യുദ്ധത്തിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന് താല്‍പ്പര്യം.

അതേസമയം ഇന്ത്യന്‍ കപ്പലുകളായ ജഗ് അര്‍ണവ്, സന്മാര്‍ ഹെറാള്‍ഡ് എന്നിവയിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷിതവും സ്വതന്ത്രവുമായ കടല്‍ഗതാഗതം ഉറപ്പാക്കുന്നില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യ ഇറാന്‍ അറിയിച്ചതായിട്ടാണ് വിവരം. കനത്ത ടോള്‍ നല്‍കി ഹോര്‍മൂസ് വഴി ഇന്ധനം കൊണ്ടുവരില്ലെന്നും ഇന്ത്യ നിലപാട് അറിയിച്ചിട്ടുണ്ട്.

English Summary: Tensions rise in the Strait of Hormuz after Iranian Navy fired at Indian-flagged oil tankers Jag Arnava and Sanmar Herald. India lodged a strong protest, stressing safe and free maritime movement. The incident highlights risks to global oil supply routes amid US-Israel-Iran conflict