India

കർണാടകയിൽ ബുൾഡോസർ രാജ്; മുന്നറിയിപ്പില്ലാതെ ഇരുപതിലധികം വീടുകൾ പൊളിച്ചുനീക്കി

കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ പലരും ഏകദേശം അഞ്ച് വർഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണ്. എന്നാൽ, താമസക്കാർക്ക് നോട്ടീസുകൾ വഴി മുന്നറിയിപ്പ് നൽകിയതിന്റെ രേഖകളൊന്നും ഇല്ല.

Madism Desk

കർണാടക: ബെംഗളൂരുവിലെ അശ്വത് നഗറിൽ, മുന്നറിയിപ്പില്ലാതെ ബുൾഡോസർ ഉപയോ​ഗിച്ച് ഇരുപതിലധികം വീടുകൾ പൊളിച്ചുനീക്കി. മുൻകൂർ അറിയിപ്പില്ലാതെയാണ് പൊളിച്ചുമാറ്റൽ നടന്നത്. ബി.ഡി.എ ഉദ്യോഗസ്ഥരും, പൊലീസും, നാല് മണ്ണുമാന്തി യന്ത്രങ്ങളും, രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കൽ ആരംഭിക്കുകയായിരുന്നു. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്നും, കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞ്, പൊലീസ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

13 വീടുകൾ മാത്രമാണ് പൊളിച്ച് നീക്കിയതെന്നാണ് ബിഡിഎയുടെ വാദം. എന്നാൽ, 20 ലധികം വീടുകൾ തകർന്നതായി താമസക്കാർ പറയുന്നുണ്ട്. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ പലരും ഏകദേശം അഞ്ച് വർഷത്തോളമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണെന്നും അവർ പറഞ്ഞു. താമസക്കാർക്ക് നോട്ടീസുകൾ വഴി മുന്നറിയിപ്പ് നൽകിയതിന്റെ രേഖകളൊന്നും ഇല്ല. പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ബിഡിഎ ചെയ്യുമെന്നും, ചെലവുകൾ വഹിക്കുമെന്നും ബിഡിഎ കമ്മീഷണർ പി. മണിവണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) ഭാഗത്തുനിന്ന് ഈ സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മണിവണ്ണൻ സമ്മതിച്ചിട്ടുണ്ട്. ബിഡിഎ ഒരു എസ്ടിഎഫ് രൂപീകരിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ മൂന്ന് മാസമായി നഗരസഭയുടെ ഭൂമി തിരിച്ചുപിടിക്കുകയാണെന്നും മണിവണ്ണൻ പറഞ്ഞു. സംഭവത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും, വിരമിച്ച ജസ്റ്റിസ് നിയാസ് അഹമ്മദ് വിഷയം അന്വേഷിച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഏതായാലും, ഹെഗ്‌ഡെ നഗറിൽ ബി‌ഡി‌എ ബദൽ താമസസൗകര്യം ഒരുക്കിക്കൊടുത്തിട്ടും, സ്ഥലം വിട്ടുപോകാൻ കുടുംബങ്ങൾ വിസമ്മതിച്ചിരിക്കുകയാണ്. രണ്ടു ദിവസങ്ങൾക്ക് മുൻപ്, മറ്റ് രണ്ട് പ്രദേശങ്ങളിലെ ചില കെട്ടിടങ്ങൾ എസ്ടിഎഫ് പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ ആ കേസുകളിൽ താമസകാർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നു എന്നാണ് ബിഡിഎ പറയുന്നത്. കർണാടകയിലെ യെലഹങ്ക കോകിലു കയ്യേറ്റവുമായി ബന്ധപ്പെട്ട്, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി.

English Summary: In Bengaluru’s Ashwath Nagar, over 20 homes were demolished without prior notice, sparking outrage and accusations of “bulldozer raj.