ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുമുള്ള എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും സസ്‌പെന്റ് ചെയ്ത എംപിമാരുടെ ലിസ്റ്റിലുണ്ട്. ഇവരെ കൂടാതെ കോൺഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, അമരീന്ദർ സിങ്, രാജ വാറിംഗ്, ഗുർജീത് സിങ് ഔജ്ല, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി എന്നിവർക്കും സിപിഐഎം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി.
നന്ദി പ്രമേയ ചർച്ചയിൽ മുൻ കരസേന മേധാവി എം.എം.നരവനെയുടെ ഓർമ്മക്കുറിപ്പിലെ പരാമർശത്തെ ചൊല്ലിയാണ് വാക്കുതർക്കങ്ങൾ ആണ് പ്രതിഷേധത്തിലേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ സമ്മതിക്കാതെ അവസരം നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയും, ചെയറിനു നേരെ പേപ്പർ കീറിയെറിയുകയും ചെയ്തു. ഇതോടെ സഭ നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായി.
സ്പീക്കർ സസ്‌പെൻഷൻ നൽകിയതോടെ പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് തങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പ്രതികരിച്ചത്. നാളെ പാർലമെന്റിന് മുമ്പിൽ 11 മണിക്ക് സത്യാഗ്രഹം ഇരിക്കാനാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ തീരുമാനം. സസ്പെൻഷൻ അംഗീകാരമായാണ് കാണുന്നതെന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്.
English Summary: Eight opposition MPs, including Kerala MPs Hibi Eden and Dean Kuriakose, were suspended from the Lok Sabha following protests that disrupted proceedings during the Motion of Thanks debate.