ഡൽഹി: എഎസ്‌ടി സ്പേസ് മൊബൈലിന്റെ അത്യാധുനിക ഉപഗ്രഹമായ 'ബ്ലൂ ബേർഡ് 6' വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ലോഞ്ചിംഗ് വാഹനമായ 'ലോഞ്ച് വെഹിക്കിൾ എം3 എം6' ആണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് 'ബ്ലൂ ബേർഡ് 6'മായി പറന്നുയർന്നത്. അമേരിക്കൻ ആശയവിനിമയ സ്ഥാപനമായ എഎസ്‌ടി സ്പേസ് മൊബൈലിന്റേതാണ് 'ബ്ലൂ ബേർഡ് 6'. ബഹിരാകാശത്ത് നിന്ന് സ്മാർട്ട് ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാക്കുകയെന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ന് രാവിലെ 8.55 നാണ് രണ്ടാം വിക്ഷേപണ പാഡിൽ നിന്ന് ഭ്രമണപദത്തിലേക്ക് എം3 എം6 പറന്നുയർന്നത്. രണ്ട് എസ്200 ബൂസ്റ്ററുകളുടെ പിന്തുണയോടെ 24 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയ ശേഷമായിരുന്നു ദൗത്യം. ഏകദേശം 15 മിനിറ്റുള്ള പറക്കലിനൊടുവിൽ റോക്കറ്റ് 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' ഉപഗ്രഹത്തേയും ഉൾക്കൊണ്ട് 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
എൽവിഎം3 എം6 റോക്കറ്റ് വിജയകരമായും കൃത്യമായും 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' ആശയവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചുവെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ. വി. നാരായണൻ വ്യക്തമാക്കി. 'ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ നിർമ്മിത ലോഞ്ചറിലൂടെ ഉയർത്തിയ ഏറ്റവും ഭാരമുള്ള ഉപഗ്രഹമാണ് 'ബ്ലൂ ബേർഡ് ബ്ലോക്ക് 2. എം3 എം6-ന്റെ മൂന്നാമത്തെ വാണിജ്യ ദൗത്യം കൂടിയാണിത്. റോക്കറ്റ് മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിക്കുകയും ആഗോളതലത്തിൽ ഈ പ്രകടനം വളരെ ഉന്നതമാണെന്നും' നാരായണൻ പറഞ്ഞു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും യുഎസ് ആസ്ഥാനമായ എഎസ്‌ടി സ്പേസ് മൊബൈലും തമ്മിലുള്ള വാണിജ്യ കരാറിന്റെ ഭാഗമായിരുന്നു ദൗത്യം.
English Summary: India marked a major space achievement with the successful launch of BlueBird Block 2 (Blue Bird 6) aboard the LVM3 M6 rocket from Sriharikota.