India

മതി ഇതോടെ മതിയാക്കണം; നയൻ‌താരക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്‌ബു

ഒരു നടിയെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങളുടെ അമ്മയെയോ സഹോദരിയെയോ ഭാര്യയെയോ മകളെയോ കുറിച്ചാണെങ്കിൽ നിങ്ങൾ ഇതേപോലെ സംസാരിക്കുമോയെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്

Madism Desk

നയൻ‌താരക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി വി ഷൺമുഖത്തിനെതിരെ നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്‌ബു രം​ഗത്തെത്തി. സ്ത്രീകൾ പ്രത്യേകിച്ച് നടിമാർ, നിങ്ങളുടെ സ്വത്തല്ല, ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾക്കായും അപമാനിക്കുന്നതിനായുമുള്ള ഉപകാരണമല്ലെന്ന് ഖുശ്‌ബു എക്‌സിൽ കുറിച്ചു. ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽ നിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങളുടെ അമ്മയെയോ സഹോദരിയെയോ ഭാര്യയെയോ മകളെയോ കുറിച്ചാണെങ്കിൽ നിങ്ങൾ ഇതേപോലെ സംസാരിക്കുമോയെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അപമാനകരമായ പരാമർശങ്ങൾ പറയുന്നവർ, അവർ പറയുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവരുടെ സ്വന്തം മനോഭാവവും സംസ്കാരക്കുറവും മനുഷ്യപരമായ മൂല്യങ്ങളുടെ അഭാവവുമാണ് വെളിപ്പെടുത്തുന്നതെന്നും ഖുശ്‌ബു കുറിച്ചു.

നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിഎംകെ സർക്കാരിനെതിരെ എഐഎഡിഎംകെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എംപി സി വി ഷൺമുഖത്തിന്റെ വിവാദ പരാമർശം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസമ്പർക്ക പരിപാടിയെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് നയൻതാരയെ വേണം. നിങ്ങൾ അത് സാധിച്ചു തരുമോ?, നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ സ്വപ്നം മുഖ്യമന്ത്രി നിറവേറ്റുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പ്രസ്താവനക്ക് പിന്നാലെ ഷണ്മുഖത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുത്. നയൻതാരയെ അപമാനിച്ചതിലൂടെ അദ്ദേഹം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. ഷൺമുഖത്തിനെതിരെ കർശന നടപടിയെടുക്കാൻ എഐഎഡിഎംകെ നേതൃത്വം തയ്യാറാകണമെന്നാണ് ഡിഎംകെ വക്താവ് ഡോ. സയദ് ഹഫീസുല്ല പ്രതികരിച്ചത്. വിഷയത്തിൽ എഐഎഡിഎംകെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഷൺമുഖം ആദ്യമായല്ല സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിക്കുന്നതിനിടെ ‘മുഖ്യമന്ത്രി സൗജന്യ ഭാര്യയെ വരെ പ്രഖ്യാപിച്ചേക്കാം’ എന്ന് പറഞ്ഞതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

English Summary: Actress-politician Khushbu Sundar criticized C. V. Shanmugam for his sexist remarks against Nayanthara, sparking political and public outrage