ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽ 10 രോഗികൾ മരിച്ചു. ട്രോമ കെയർ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2.30നും 3നും ഇടയിലാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ കഴിയുന്ന വിഭാഗമാണ് ട്രോമ കെയർ ഐസിയു. അപകടം നടന്ന സമയത്ത് ട്രോമാ കെയറിൽ നിരവധി പേരുണ്ടായിരുന്നതായിട്ടാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ജീവനക്കാർക്ക് പരുക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ഒന്നിലധികം ഫയർ റെസ്ക്യൂ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയ ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നാണ് എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
English Summary: A fire broke out in the Trauma Care ICU at SCB Medical College in Cuttack, Odisha, killing 10 patients early Monday morning. Eleven hospital staff were injured during rescue operations. Odisha Chief Minister Mohan Charan Majhi visited the hospital and announced ₹25 lakh compensation for the families of the victims, along with a judicial inquiry into the incident