ISRO’s PSLV-C62 Image Credit: facebook
India

പിഎസ്എൽവി-സി62 മിഷൻ; മൂന്നാം ഘട്ടം പരാജയപ്പെട്ടു

ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ മിഷനാണ് മൂന്നാമൂഴത്തിൽ പിഴച്ചിരിക്കുന്നത്.

Madism Desk

ന്യൂ ഡൽഹി: 2026ലെ ആദ്യ ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടു. പിഎസ്എൽവി-സി62 മിഷനാണ് സാങ്കേതിക തകരാർ സംഭവിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ മിഷനാണ് മൂന്നാമൂഴത്തിൽ പിഴച്ചിരിക്കുന്നത്. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒ പിന്നീട് അറിയിച്ചേക്കും.

രാവിലെ 10.18ന് 15 ഉപഗ്രഹങ്ങളുമായി പിഎസ്എൽ‌വി കുതിച്ചുയർന്നത്. ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നെങ്കിലും മൂന്നാം ഘട്ടത്തിൽ റോക്കറ്റിൻ്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ബഹിരാകാശത്ത് പ്രൈവറ്റ് സ്പേസ് എക്കോ സിസ്റ്റത്തെ നിരീക്ഷിക്കാനായുള്ള സാറ്റലൈറ്റായ 'അന്വേഷ'യുടെ വിക്ഷേപണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറുപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനും കൂടി ലക്ഷ്യം വെച്ച പദ്ധതിയായിരുന്നു പിഎസ്എൽവി-സി62 മിഷൻ.

ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമായ അന്വേഷ, പ്രധാനമായും കൃഷി, നഗരഭൂപടം, പരിസ്ഥിതി വിശകലനം തുടങ്ങിയ നിരീക്ഷണങ്ങൾക്കായിട്ടാണ് ഉപയോ​ഗിക്കുന്നത്. കഴിഞ്ഞ വർഷം പിഎസ്എൽവി-സി61 ന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ഈ ദൗത്യവും മൂന്നാംഘട്ടത്തിലാണ് സാങ്കേതിക പ്രശ്നങ്ങൾ കാരണം തടസ്സപ്പെട്ടത്. എന്നാൽ ഇതിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

English Summary: ISRO’s PSLV-C62 mission, the first of 2026, failed after encountering a technical anomaly during the PS3 (third) stage. A detailed investigation has been initiated.