ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ആഗോള സംഘർഷങ്ങൾക്കും, വ്യാപാര പ്രതിസന്ധികൾക്കുമിടയിലാണ് ഈ പ്രസ്താവന. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലെ കുതിപ്പും അനുകൂലമായ സാമ്പത്തിക നയങ്ങളും ആഗോള വളർച്ചയ്ക്ക് കരുത്താകുമെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
പണപ്പെരുപ്പത്തിൻ്റെ കാര്യത്തിലും ആശങ്ക വേണ്ടെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 2025 നവംബർ, ഡിസംബർ മാസങ്ങളിൽ വിലക്കയറ്റ സമ്മർദ്ദം കുറവായിരുന്നു. എന്നാൽ 2026ലെ പണപ്പെരുപ്പം 2.1 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പണപ്പെരുപ്പം, ഉപഭോക്തൃ വില സൂചികയനുസരിച്ച് 4 ശതമാനവും രണ്ടാം പാദത്തിൽ 4.2 ശതമാനവും ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പല രാജ്യങ്ങളിലേയും പണപ്പെരുപ്പം പല രീതികളിൽ വ്യത്യസ്തമായതിനാൽ, കേന്ദ്ര ബാങ്കുകൾ വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത്. വലിയ തോതിലുള്ള സാമ്പത്തിക ഉത്തേജനവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം ആഗോള നിക്ഷേപകർക്കിടയിൽ ആശങ്ക വളർന്നിരിക്കുകയാണ്, ഇത് സാമ്പത്തിക വിപണികൾ അസ്ഥിരമാക്കും, അദ്ദേഹം പറഞ്ഞു.
'കേന്ദ്ര ബജറ്റിലെ വളർച്ചയെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങളും, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ പ്രധാന പങ്കാളികളുമായുള്ള വ്യാപാര കരാറുകളും, പുറംലോകവുമായുള്ള നമ്മുടെ ബന്ധങ്ങൾക്ക് കൂടുതൽ തിളക്കം നൽകിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ, 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലെ ജിഡിപി വളർച്ച പ്രവചനം 20 ബേസിസ് പോയിൻ്റ് വീതം ഉയർത്തിയിട്ടുണ്ടെന്നും, ഈ വ്യാപാര കരാറുകൾ കയറ്റുമതിയും കറൻ്റ് അക്കൗണ്ടും ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
English Summary: Sanjay Malhotra, the Governor of the Reserve Bank of India, stated that the Indian economy remains robust despite global conflicts and trade uncertainties.