റഡാറിൽ നിന്ന് അപ്രത്യക്ഷമായ സുഖോയ് യുദ്ധവിമാനം തകർന്നതായി സ്ഥിരീകരിച്ച് ഇന്ത്യൻ വ്യോമസേന. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു യുദ്ധവിമാനം അപ്രത്യക്ഷമായത്. അസമിലെ ജോർഹട്ടിൽ നിന്നും 60 കിലോമീറ്റർ ദൂരെയായി കർബി അങ്ലോങ്ങ് പ്രദേശത്താണ് വിമാനം നിലംപതിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വ്യോമസേന നൽകിയ വിശദീകരണം. വിമാനം നിയന്ത്രിച്ചിരുന്നു രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.40 ഓടെയാണ് അവസാനമായി വിമാനവുമായി ബന്ധപ്പെടാൻ വ്യോമസേനയ്ക്കു കഴിഞ്ഞത്. ജോർഹട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം റഡാറിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമീപകാലത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. തേജസ് യുദ്ധവിമാനവും ഫെബ്രുവരി ഏഴിന് അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം തിരികെ വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സാങ്കേതിക തകരാർ മൂലം റൺവേയിൽ നിന്ന് തെന്നിമാറിയാണ് വിമാനം തകർന്നത്.
കഴിഞ്ഞ വർഷം നവംബർ മാസത്തിലും വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനവും തകർന്നു വീണിരുന്നു. പഞ്ചാബിലെ ആദംപൂരിൽ നിന്നും യാത്ര തുടങ്ങിയ വിമാനം ആഗ്രയിലേക്ക് എത്തുന്നതിനിടയിൽ അപകടത്തിൽ തകരുകയായിരുന്നു. കരഗോൽ എന്ന ഗ്രാമത്തിനടുത്തായി പാട ശേഖരത്തിലായിരുന്നു വിമാനം പതിച്ചത്. അപകടത്തിൽ ആളപായമുണ്ടായിരുന്നില്ല.
English Summary: An Indian Air Force Sukhoi fighter jet that went missing from radar has been confirmed crashed in Assam’s Karbi Anglong district, about 60 km from Jorhat, during a training flight. Search operations are ongoing. The incident adds to a series of recent fighter aircraft accidents involving Tejas and MiG-29 jets.