ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും നിർണ്ണായക പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികൾ 2020 മുതൽ ജയിലിൽ കഴിയുകയാണെന്നും, വിചാരണ നടപടികൾ നീണ്ടുപോകുകയാണെന്നും, പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും, ഓരോ പ്രതിക്കുമുള്ള കുറ്റങ്ങൾ വേർതിരിച്ച് പരിശോധിച്ചതിന് ശേഷം ഇവർക്കു ജാമ്യം നൽകേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം. കോടതി ഉത്തരവിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തിന് ശേഷം മാത്രമേ ജാമ്യത്തിനായി അപേക്ഷിക്കാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ കോടതി തൃപ്തരാണ്. ഈ ഘട്ടത്തിൽ അവരെ ജാമ്യത്തിൽ വിട്ടയക്കുന്നതിന് ന്യായീകരണമില്ല'- ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അഞ്ജാരിയയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അതേസമയം, കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ് ഫാത്തിമ, മീരാൻ ഹൈദർ, ഷിഫുർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷഹാദ് അഹമ്മദ് എന്നിവർക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
ഡൽഹി കലാപ ഗൂഢാലോചനയുമായി ഇവരെ ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ്‌വി, കപിൽ സിബൽ തുടങ്ങിയ അഭിഭാഷകർ സുപ്രിംകോടതിയിൽ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീർഘകാലം ജയിലിൽ അടച്ചതിലെ അനീതിയും, ഇനിയും വിചാരണ ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ചെയ്തത് എന്നായിരുന്നു ഡൽഹി കോടതിയുടെ കണ്ടെത്തൽ.
ജാമ്യം പരിഗണിക്കുമ്പോൾ, യുഎപിഎ പ്രകാരം ആരോപിക്കപ്പെടുന്ന വകുപ്പുകളുടെ പശ്ചാത്തലത്തിൽ ഓരോ പ്രതിയുടെയും പങ്ക് പരിശോധിക്കണമെന്നും, രാജ്യത്തിന്റെ അടിത്തറയ്ക്ക് ഭീഷണിയായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസുകളിൽ, ജാമ്യത്തെക്കുറിച്ചുള്ള സാധാരണ വിലയിരുത്തലുകൾ മറ്റുള്ളവയുടെ കാര്യത്തിലേതിനേക്കാൾ വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.
English Summary: Supreme Court denies bail to Umar Khalid and Sharjeel Imam in the Delhi riots conspiracy case, citing their crucial role. Five others granted bail with strict conditions.