വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണ ഗുണമേന്മയെക്കുറിച്ച് വീണ്ടും വിവാദമുയരുകയാണ്. മുംബൈ സ്വദേശിയായ ഒരു യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ പ്രാണി കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഹമ്മദാബാദിൽ നിന്ന് യാത്ര ആരംഭിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്ന് യുവാവ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
തന്റെ കോച്ചിൽ തന്നെ ഇത്തരത്തിൽ രണ്ട് സംഭവങ്ങൾ ഉണ്ടായതായും, ഇതോടെ യാത്രക്കാരിൽ പലരും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്തതായും യുവാവ് കുറിച്ചു. പോസ്റ്റിനോടൊപ്പം പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോയിലും ദാൽ ചാവലിൽ പ്രാണി കാണുന്നതായി വ്യക്തമാണ്.
ഭക്ഷണം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കുന്നതെന്ന ആശങ്കയും യുവാവ് ഉയർത്തി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരായ വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും, നടപടികൾ സുതാര്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വിതരണക്കാരനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കരാർ റദ്ദാക്കുന്നതിനും 10 ലക്ഷം രൂപ പിഴ ഈടാക്കുന്നതിനുമായി നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരോട് ഉണ്ടായ അസൗകര്യത്തിന് ക്ഷമാപണം രേഖപ്പെടുത്തിയ ഐആർസിടിസി, ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
English Summary: A passenger reported finding an insect in food served on a Vande Bharat train, sparking concerns over food safety. IRCTC initiated action against the contractor, including notice for penalty and contract termination.