ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്ത് ഇന്ധനക്ഷാമ ഭീഷണി രൂക്ഷമാകുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിതരണം തടസപ്പെട്ടതും ഹോർമൂസ് കടലിടുക്കിൽ ഇറാൻ തുടരുന്ന നിയന്ത്രണങ്ങളുമായി പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ തുടർന്നാൽ ഇന്ധനവിലയും കുതിച്ചുയർന്നേക്കും.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങികിടക്കുന്ന എണ്ണക്കപ്പലുകൾക്ക് ഇറാൻ നിയന്ത്രണം നീക്കാതെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കില്ല. ചരക്ക് നീക്കം മന്ദഗതിയിലാകുന്നതോടെ അന്താരാഷ്ട്ര വിപണിയിലും വലിയ മാറ്റങ്ങളുണ്ടാകും. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയിലും സംഘർഷം സാരമായ രീതിയിൽ ബാധിക്കും. രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള വൻകിട, ചെറുകിട ഹോട്ടലുകൾ ഇതിനോടകം താഴിട്ടു കഴിഞ്ഞു. പാചക വാതക ക്ഷാമം സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സൂചനയാണിത് നൽകുന്നത്. റിലയൻസ് ആഭ്യന്തര ഉത്പ്പാദനം ഇരട്ടിയാക്കിയാലും വാണിജ്യ പാചക വാതക ക്ഷാമം പരിഹരിക്കാനാവില്ല. അതേസമയം വീടുകളിലേക്ക് പാചക വാതക വിതരണം തടസ്സപ്പെടാതെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നത്.
സംസ്ഥാനത്തും ഇന്ധന, പാചകവാതക പ്രതിസന്ധിയുടെ പ്രതിഫലനങ്ങളുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ പ്രധാന ജില്ലാ ആസ്ഥാനങ്ങളിലെല്ലാം ഹോട്ടലുകൾ വ്യാപകമായി അടച്ചിട്ടിരിക്കുകയാണ്. പാചക വാതക പ്രതിന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ തൊഴിലാളികൾക്ക് വേതനം നൽകാനാവാത്ത സാഹചര്യമുണ്ടാവുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നേരത്തെ ട്രെയിനിലും ഭക്ഷണ വിതരണം തടസ്സപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദീർഘദൂര ട്രെയിനുകളിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടാൽ സാധാരണജീവിതത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് റെയിൽവേ. ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം വിതരണം തുടരണമെന്ന നിർദേശവും റെയിൽവേ നൽകിയിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽഎൻജി കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇറാൻ കപ്പലുകൾക്ക് പുറപ്പെടാൻ അനുമതി നൽകിയതിന് പിന്നാലെയാണ് കപ്പലുകൾ യാത്ര തിരിച്ചിരിക്കുന്നത്. ഇന്ത്യ സൗഹൃദ രാജ്യമാണെന്നും അവരെ തടയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ നടത്തുന്ന ഡിപ്ലോമാറ്റിക് യുദ്ധത്തിൽ നിലവിൽ അമേരിക്ക വലിയ പ്രതിസന്ധിയിലാണ്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള കടൽബോംബുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.
English Summary: Rising tensions in West Asia are raising concerns about a potential fuel shortage in India. Disruptions in key oil shipping routes could affect global supply, leading to price increases and possible shortages. Regions like Kerala may face difficulties in fuel and LPG availability, impacting transportation, industries, small hotels, and hostels. Authorities say the government is prepared to take steps to ensure fuel supply if the crisis continues.