ബഹ്റൈൻ: അമേരിക്കൻ സഖ്യകക്ഷിയായ ബഹ്‌റൈനിലുണ്ടായ ശക്തമായ സ്ഫോടനത്തിന് പിന്നിൽ യുഎസ് നിർമ്മിത പേട്രിയറ്റ് ഇൻറർസെപ്റ്റർ മിസൈലെന്ന് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ നിന്നല്ല സ്ഫോടനമുണ്ടായതെന്ന് ഇതോടെ സ്ഥിരീകരിക്കാനായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കാനായി അമേരിക്ക പേട്രിയട്ട് ഇന്റർസെപ്റ്ററിൽ നിന്നയച്ച മിസൈൽ തകർന്നു വീണാണ് സ്ഫോടനം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 9-ന് സിത്ര ദ്വീപിലെ ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടാകുന്നത്, സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 32 പേർക്ക് പരുക്കേറ്റിരുന്നു.
ആദ്യഘട്ടത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് ബഹ്‌റൈനും വാഷിംഗ്ടണും ആരോപിച്ചിരുന്നു. എന്നാൽ ആഭ്യന്തര അന്വേഷണങ്ങൾക്കൊടുവിൽ ഇക്കാര്യം ബഹ്റൈൻ തന്നെ തിരുത്തി. സ്ഫോടനത്തിന് പിന്നിൽ പ്രതിരോധ മിസൈൽ തന്നെയാണെന്ന് ബഹ്‌റൈൻ സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിയൻ ഡ്രോണിനെ ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചുവെന്നും നേരിട്ടുള്ള ആഘാതമല്ല നാശനഷ്ടങ്ങൾക്ക് കാരണമായതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ കോടികൾ വിലമതിക്കുന്ന അത്യാധുനിക മിസൈലുകൾ ഉപയോഗിക്കുന്നതിലെ വെല്ലുവിളികളും ഈ സംഭവം പുറത്തുകൊണ്ടുവരുന്നു. സിത്രയിലെ തന്നെ ഇന്ധനശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണം തടയുന്നതിൽ നേരത്തെ പേട്രിയറ്റ് ഇന്റർസെപ്റ്റർ പരാജയപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ എണ്ണക്കമ്പനി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇറാൻ ഡ്രോണിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ തെളിവുകൾ പുറത്തുവിടാൻ അമേരിക്കയ്ക്കോ ബഹ്‌റൈനോ കഴിഞ്ഞിട്ടില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചെങ്കിലും പേട്രിയറ്റ് മിസൈലിന്റെ പങ്ക് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറി. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഷി തകർക്കുമെന്നും സഖ്യകക്ഷികൾക്കൊപ്പമുണ്ടാകുമെന്നുമാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അമേരിക്കൻ സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യം വെക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
English Summary: Bahrain has confirmed that a US-made Patriot interceptor missile caused the explosion in a civilian area, not an Iranian attack. The incident, which injured over 30 people, highlights challenges in countering drone threats with advanced defense systems.