മോസ്കോ: ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച നിബന്ധനകളില്‍ സ്ഥിരീകരണമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ തങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച യാതൊരു ഔദ്യോഗിക വിവരങ്ങളും ലഭ്യമായിട്ടില്ല, അതുകൊണ്ടു തന്നെ ഇന്ത്യയുടെ നിലപാടിൽ മാറ്റം വന്നതായി വിശ്വസിക്കാൻ പാകത്തിന് കാരണങ്ങളില്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന തരത്തിലുള്ള യുഎസ് അവകാശവാദത്തിന് പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന. റഷ്യൻ എണ്ണ ഇറക്കുമതി ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും, ഇത് ആഗോളവിപണിയിൽ സ്ഥിരത നിലനിർത്തുന്നുവെന്നും റഷ്യ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
സ്വതന്ത്ര രാജ്യങ്ങളെ ഏത് രീതിയിലും പിടിച്ചടക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും ഇത്തരം അവകാശവാദങ്ങളിൽ തങ്ങൾക്ക് പുതുമയൊന്നും കാണാൻ കഴിയുന്നില്ലെന്നും റഷ്യ വിമർശിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. വ്യാപാര കരാർ യാഥാർത്ഥ്യമായതിന് പിന്നാലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മാർക്കോ റൂബിയോയും പ്രസ്താവിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ ഊർജ്ജ സംഭരണ നയം ദേശീയ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി ആദ്യം ഇന്ത്യയുമായുള്ള ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇന്ത്യ എണ്ണ വാങ്ങാനായി അമേരിക്കയെ ആശ്രയിക്കുമെന്ന് ട്രംപ് അവകാശവാദമുന്നയിച്ചത്. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ ഇന്ത്യ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
English Summary: Russia said India has not given any confirmation about stopping Russian oil imports and dismissed US claims, stating India’s stance remains unchanged and mutually beneficial.