International

30% തീരുവ; യുഎസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ

ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ് വർഗ്ഗങ്ങൾ പയർ, കടല, ഉണങ്ങിയ ബീൻസ്, എന്നിവയാണ്. എന്നിട്ടും അമേരിക്കൻ പരിപ്പ് വർഗ്ഗങ്ങൾക്ക് വലിയ തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്.

Madism Desk

കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ നടപടിയിൽ, യുഎസിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. യുഎസ് ഇന്ത്യയിലേക്ക് വൻ തോതിൽ കയറ്റുമതി ചെയ്തിരുന്ന പയറുവർഗങ്ങൾക്കും പരിപ്പുകൾക്കും 30% തീരുവ ചുമത്തിയാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്. ‌കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ തീരുവ നിലവിലുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഈ നടപടിയ്ക്ക് കാര്യമായി പ്രചരണം നൽകിയിട്ടില്ല. എന്നാൽ, യുഎസ് സെനറ്റർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇതേ കുറിച്ച് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് ഇന്ത്യ ചുമത്തിയ തീരുവ ചർച്ചയായി മാറിയിരിക്കുന്നത്.

നോർത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങളെയാണ് ഇന്ത്യയുടെ ഈ തീരുമാനം പ്രധാനമായും ബാധിക്കുക. ഈ സംസ്ഥാനങ്ങളാണ് അമേരിക്കയിലെ പ്രധാന കടല, പരിപ്പ് വർഗ്ഗ ഉത്പാദകർ. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ പരിപ്പ് വർഗ്ഗ ഉപഭോക്താവ് ഇന്ത്യയാണ്. ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 27% ആണത്. ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ് വർഗ്ഗങ്ങൾ പയർ, കടല, ഉണങ്ങിയ ബീൻസ്, എന്നിവയാണ്. എന്നിട്ടും അമേരിക്കൻ പരിപ്പ് വർഗ്ഗങ്ങൾക്ക് വലിയ തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഏറക്കുറെ നാമമാത്രമായിരുന്ന തീരുവയാണ് ഇന്ത്യ ഒറ്റയടിക്ക് 30 ശതമാനത്തിലേക്ക് ഉയർത്തിയത്. അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും, ഇന്ത്യയുടെ നടപടി കനത്ത തിരിച്ചടിയാണെന്നാണ് യുഎസ് സെനറ്റർമാർ അഭിപ്രായപ്പെടുന്നത്. തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദ്ദം ചെലുത്തണമെന്നും, ഇന്ത്യയുമായി വ്യാപാരക്കരാർ ഉറപ്പിക്കും മുൻപ് ട്രംപ് ഇടപെടണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നോർത്ത് ഡക്കോട്ട, മൊണ്ടാന എന്നിവിടങ്ങളിലെ സെനറ്റർമാരായ കെവിൻ ക്രാമർ, സ്റ്റീവ് ഡെയിൻസ് എന്നിവരാണ് ട്രംപിന് കത്തയച്ചത്. ഇരു രാജ്യങ്ങളിലെയും കർഷകരും വ്യാപാരികളും ട്രംപ് ഭരണകൂടം ഈ ആവശ്യം സംബന്ധിച്ച് എന്ത് നിലപാടെടുക്കും എന്ന ആശങ്കയിലാണ്.

English Summary: India has hit back at the U.S. by raising import duty on American pulses to 30%, affecting major farming states like North Dakota and Montana.