International

'പ്രക്ഷോഭകരെ തൂക്കിക്കൊല്ലില്ല'; ഇറാനിയൻ ന്യായാധിപനെ പരസ്യമായി തള്ളി വിദേശകാര്യ മന്ത്രി അരാഗ്ചി

മനുഷ്യാവകാശ സംഘടനകൾ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം 2000 ലധികം മനുഷ്യർ ഇതുവരെ ഇറാനിൽ മരണപ്പെട്ടിട്ടുണ്ട്

Madism Desk

ഇറാൻ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റുമെന്ന ഉയർന്ന ഇറാനിയൻ ന്യാധിപന്റെ പ്രസ്‍താവനയോട് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ പദ്ധതിയിട്ടാൽ സൈനിക ഇടപെടൽ നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അരാഗ്ചിയുടെ വിശദീകരണം എത്തിയത്.

പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ വിധിക്കില്ലെന്ന് ഇറാൻ തനിക്ക് ഉറപ്പു നൽകിയെന്നും വധശിക്ഷാ നടപടികൾ നിർത്തിവെച്ചതായി വിവരം ലഭിച്ചതായും ട്രംപ് പറഞ്ഞു. ഇറാനിലെ സംഘർഷാവസ്ഥ അതിഭീകരമായ സാഹചര്യത്തിൽ ഇറാനിയൻ ജനതയെ സഹായിക്കുമെന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം 2000 ലധികം മനുഷ്യർ ഇതുവരെ ഇറാനിൽ മരണപ്പെട്ടിട്ടുണ്ട്. ടെഹ്‌റാനിൽ നിന്നു പുറത്തു വരുന്ന പുതിയ വീഡിയോകളിൽ കഹ്രിസാക് മോർച്ചറിയിൽ കറുത്ത ബാഗുകളിൽ പൊതിഞ്ഞ് നിരനിരയായി ഒരുക്കിയ മൃതദേഹങ്ങൾക്കരുകിൽ പ്രിയപ്പെട്ടവരെ തിരയുന്ന ദുഃഖിതരായ ബന്ധുക്കളെയും കാണാം.

ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇറാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്താനിരിക്കെ, 'റിപ്പോർട്ട് ചെയ്ത മരണങ്ങളുടെയും പരിക്കുകളുടെയും ഉയർന്ന അളവിൽ അങ്ങേയറ്റം ഞെട്ടിയിരിക്കുന്നു' എന്നും അടിച്ചമർത്തൽ തുടരുകയാണെങ്കിൽ കൂടുതൽ ഉപരോധങ്ങൾ വരുമെന്നും ജി7 രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

English Summary: Iranian Foreign Minister Abbas Araghchi publicly rejected a senior judge’s statement on executing protesters, amid escalating unrest and international pressure, including warnings from the US and G7 nations.