International

ഇറാന് നേർക്ക് ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണം; തന്ത്രപ്രധാന മേഖലകളിൽ ജാഗ്രത നിർദേശം, തിരിച്ചടിച്ച് ടെഹ്റാന്‍

ഇറാനിയൻ ഭരണകൂടത്തിൻ്റെ ഇസ്രായേലിനു മേലെയുള്ള ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു

Madism Desk

ഇറാനിൽ ബോംബ് വർഷിച്ച് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍. രാജ്യ തലസ്ഥാനമായ ടെഹ്‌റാന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയും - ഇസ്രയേലും സംയുക്തമായാണ് ആക്രമിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ലോകത്തിന് തന്നെ അപകടമാണെന്നും അവർ ഒരിക്കലും ന്യൂക്ലിയർ ആയുധങ്ങൾ സ്വന്തമാക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമായി നിരവധി തവണ സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകള്‍. ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള ഖുമെെനിയുടെ ഔഗ്യോഗിക കാര്യാലയത്തിന് സമീപത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനെെസേഷൻ വക്താവ് അറിയിച്ചിട്ടുണ്ട്.

ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ആക്രമണം. ഇറാൻ ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സിന്റെ പ്രസ്താവന.

ഇറാനിയൻ ഭരണകൂടത്തിൻ്റെ ഇസ്രായേലിനു മേലെയുള്ള ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് അമേരിക്കയുടെ നീക്കം. മാസങ്ങളായി യുഎസ് സൈന്യത്തിൻ്റെ പ്രധാന യുദ്ധ കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം സൂക്ഷിക്കാൻ സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ അവരുടെ മിസൈലുകൾ നശിപ്പിക്കുകയും മിസൈൽ വ്യവസായം നിലംപരിശാക്കുകയും ചെയ്യുമെന്നും അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യുമെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇസ്രയേലിന് നേർക്ക് മിസൈലുകൾ പതിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് സൈറണുകൾ മുഴക്കിയതെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ അടക്കമുള്ള ആശയവിനിമയം തടസ്സപ്പെട്ട സാഹചര്യമാണ്. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിഗമനങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ സംഘം ചേരലുകൾക്കും തൽക്കാലത്തേക്ക് സൈന്യം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അവശ്യസേവന വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.

ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം ഇന്ത്യ നൽകി. ഇസ്രായേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Israel launched missile strikes on Tehran in a joint operation with the United States, according to Iran and confirmed by U.S. President Donald Trump. Explosions were reported near key areas including locations close to Iran’s Supreme Leader’s office. Iran has shut its airspace and heightened security, while Israel activated nationwide sirens amid fears of retaliation. India has issued an advisory urging its citizens in Israel to remain alert and follow official safety guidelines.