വാഷിംങ്ടൺ: ഇറാനെതിരെ ആക്രമണം നടത്തുന്നതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ ന്യായങ്ങൾ തള്ളി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ്. ഇറാൻ ആണവായുധ നിർമാണത്തിന്റെ സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് ജെ കെന്റ് പറയുന്നത്. യുഎസ്-ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ജോ കെന്റ് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവെച്ചിരുന്നു.
ലോകം തന്നെ നശിപ്പിക്കാൻ സാധ്യതയുള്ള ആണവായുധങ്ങൾ ഇറാൻ വികസിപ്പിക്കുന്നവെന്നായിരുന്നു ട്രംപിന്റെ വാദം. ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്നത് ലോകരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ന്യായീകരിച്ചിരുന്നു. ഫെബ്രുവരി 28ന് ഇറാനെതിരായ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം നിരവധി തവണ ട്രംപ് തന്റെ വാദം ആവർത്തിച്ചിരുന്നു. എന്നാൽ പ്രസിഡന്റിന്റെ വാദങ്ങളെ പൂർണമായും തള്ളികളയുന്നതാണ് ജോ കെന്റിന്റെ പ്രസ്താവന. ആണവായുധം വികസിപ്പിക്കുന്നതിന് വെറും രണ്ടാഴ്ച മാത്രം അകലെയായിരുന്നു ഇറാൻ ഉണ്ടായിരുന്നതെന്നാണ് ചൊവ്വാഴ്ച യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിന്റെ അടുത്തുപോലും എത്തിയിരുന്നില്ലെന്നും ജോ കെന്റ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള ഖമേനിയുടെ വധം യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനേയി മരണത്തെ കുറിച്ച് ഭയപ്പെട്ടിരുന്നതായി താൻ കരുതുന്നില്ലെന്നും, അത് അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അദ്ദേഹത്തിന്റെ അനുയായികളെയും ഭരണകൂടത്തെയും എത്രത്തോളം ശക്തിപ്പെടുത്തുമെന്ന് ധാരണയുണ്ടായിരുന്നത് കൊണ്ടായിരുന്നുവെന്നും ജോ കെന്റ് പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിൽ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റ അദ്ദേഹം യുഎസ് സൈന്യത്തിലും സിഐഎയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഇസ്രയേലിന് വേണ്ടി നടത്തുന്ന ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചായിരുന്നു ജോ കെന്റ് രാജി വെച്ചത്. യുഎസിനു മേൽ ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ പിന്തുണയ്ക്കാൻ തന്റെ മനസാക്ഷിക്ക് കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് കെന്റ് എക്സിൽ കുറിച്ചിരുന്നു.
അതേസമയം, ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിനു തെളിവുകളില്ലെന്ന് റഷ്യയും അന്താരാഷ്ട്ര ആണവ ഏജൻസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ ആണവ പദ്ധതിക്കരികിലാണെന്നും ഇത് യുഎസിനടക്കം ഭീഷണിയാണെന്നും വാദിച്ചായിരുന്നു ആക്രമണത്തെ ന്യായീകരിച്ച് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചത്.
English Summary: Former U.S. counterterrorism official Joe Kent contradicted Donald Trump’s claims, stating that Iran was not close to developing nuclear weapons. Kent resigned in protest against the U.S.-Israel conflict, arguing the war was unjustified and driven by political pressure rather than real threats.