ഇറാനെ ആക്രമിച്ചതിൽ വിചിത്ര വാദവുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് തങ്ങൾ അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ യുഎസ്സിനെയും ആക്രമിക്കുമെന്ന് മനസിലാക്കി. കാത്തിരുന്നാൽ കൂടുതൽ ആൾനാശം ഉണ്ടാകുമെന്ന് വിലയിരുത്തിയതിനാലാണ് ആദ്യം ആക്രമിച്ചതെന്നാണ് റൂബിയോ നടത്തിയ വിചിത്ര വിശദീകരണം. ഇറാൻ അടിയന്തര സുരക്ഷാഭീഷണി ഉയർത്തിയെന്ന തരത്തിലുള്ള വാദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന.
ഈ പ്രസ്താവനയിലൂടെ ഇറാൻ അല്ല മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് മുതിർന്നതെന്നും, ഇറാനിൽ നിന്ന് യാതൊരു വിധ അടിയന്തര ഭീഷണിയും ഉണ്ടായിരുന്നില്ലെന്നുമാണ് റൂബിയോ പറഞ്ഞുവയ്ക്കുന്നത്. ഖമനെയിയെ വധിച്ചതിനു പിന്നിൽ യുക്തിഭദ്രമായ കാരണമോ പ്രകോപനമോ ഉണ്ടായിരുന്നില്ലെന്നും, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഇറാൻ വിരുദ്ധ നിലപടിനു അമേരിക്ക വഴങ്ങിയെന്നുമാണ് ഇതോടെ ആഗോള മാധ്യമങ്ങൾ ആരോപിക്കുന്നത്.
ജനീവയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് എന്തിനായിരുന്നവെന്ന ചോദ്യത്തിന്, ഇറാന്‍റെ ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും തടയാൻ മറ്റ് വഴികളില്ലെന്നുമായിരുന്നു ഇസ്രായേൽ പ്രതിരോധസേനയുടെ വിശദീകരണം. ഇറാനെതിരായ സൈനിക നടപടി സ്ഥിരീകരിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ഡോണൾഡ് ട്രംപും ഇതേ വാദമാണ് ഉയർത്തിയത്.
എന്നാൽ, യുദ്ധം തുടങ്ങാൻ ഇറാന് പദ്ധതിയുണ്ടായിരുന്നില്ല എന്നും ഇസ്രയേൽ ആക്രമിച്ചാൽ മാത്രം തിരിച്ചടിക്കുമെന്ന ധാരണയിലായിരുന്നു ഇറാൻ എന്നുമാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇപ്പോൾ പറയുന്നത്. ഇതോടെ ഖമനേയി വധത്തിൽ അമേരിക്കയും ഇസ്രായേലും ഉയർത്തിയ ന്യായീകരണങ്ങൾ പൊളിഞ്ഞിരിക്കുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പിടിവാശിക്ക് വഴങ്ങിയാണ് അമേരിക്ക സൈനിക നടപടിയിൽ പങ്കാളികളായതെന്നാണ് മാർക്കോ റൂബിയോയുടെ വാദം. റൂബിയോയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ ഇസ്രയേലിന്‍റെ യുദ്ധത്തിൽ അമേരിക്ക അനാവശ്യമായി പങ്കുചേർന്നുവെന്ന കുറ്റപ്പെടുത്തലുമായി നിരവധി സെനറ്റർമാരും ഗവർണർമാരുമാണ് രംഗത്തെത്തിയത്. ട്രംപ് അനുകൂലിയും വലതുപക്ഷ പോഡ് കാസ്റ്ററുമായ ടക്കർ കാൾസൻ, ഇറാനിലെ യുദ്ധം അമേരിക്കയുടേതല്ലെന്നും വിമർശിച്ചു.
റൂബിയോയുടെ പ്രസ്താവന ആയുധമാക്കി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്രയേലിന് വേണ്ടിയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടികാണിച്ചു. പുതിയ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് തന്റെ അനുയായികൾക്ക് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ട്രംപിന്, റൂബിയോയുടെ തുറന്നുപറച്ചിൽ വിനയായി തീരുമെന്നാണ് പ്രമുഖരുടെ വിലയിരുത്തൽ.
English Summary: US Secretary of State Marco Rubio made a controversial statement regarding the attack on Iran, suggesting that Iran had no immediate plans to start a war and would have retaliated only if attacked by Israel. His remarks appear to contradict earlier justifications by the US and Israel over the killing of Iran’s Supreme Leader, sparking political backlash within the United States and strong reactions from Iran.