International

ഇറാൻ ആക്രമണം ശക്തമാക്കുന്നു; ഇസ്രായേലിലെ മെറ്റയുടെ ഓഫീസ് താത്കാലികമായി അടച്ചു

ബോംബ് ആക്രമണങ്ങളിൽ നിന്നും സുരക്ഷിതരാവാനുള്ള ഷെൽട്ടറുകളില്ലാത്ത ജീവനക്കാർക്ക് അതിനുള്ള സൗകര്യം സജ്ജമാക്കാൻ കമ്പനി കമ്പനി തയ്യാറാണെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്

Madism Desk

പശ്ചിമേഷ്യൻ സംഘർഷങ്ങൾ ശക്തിപ്രാപിക്കുന്നതിനാൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ സ്ഥിതി ചെയ്യുന്ന മെറ്റയുടെ ഓഫീസ് താല്കാലികമായി പ്രവർത്തനം നിർത്തി. 900 ജീവനക്കാരാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഇറാൻ കൂടുതൽ മിസൈലുകളും, ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നതിനു ശേഷമാണ് മെറ്റയുടെ നീക്കം.

ഓഫീസ് അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ച് മെറ്റ ജീവനക്കാർക്ക് ഇന്റേണൽ മെമ്മോ അയച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഈ സമയത്ത് സുരക്ഷിതമായ ഷെൽട്ടറോ മുറിയോ ലഭ്യമല്ലെന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്നും മെമ്മോയിൽ മെറ്റ പറയുന്നുണ്ട്. ബോംബ് ആക്രമണങ്ങളിൽ നിന്നും സുരക്ഷിതരാവാനുള്ള ഷെൽട്ടറുകളില്ലാത്ത ജീവനക്കാർക്ക് അതിനുള്ള സൗകര്യം സജ്ജമാക്കാൻ കമ്പനി തയ്യാറാണെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ട് രാത്രികൾ വരെ താമസിക്കാൻ പാകത്തിന് ഹോട്ടലുകളിൽ സൗകര്യം ഏർപ്പെടുത്തിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.

2013ൽ സ്ഥാപിക്കപ്പെട്ട ടെൽ അവീവിലെ ഓഫീസ് എആർ/ വി ആർ പ്രൊഡക്ടുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെറ്റയുടെ സുപ്രധാന റിസർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് സെന്‍ററാണ്. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ആമസോൺ വെബ് സർവീസസ് ഉൾപ്പെടെയുള്ള ഡാറ്റ സെന്ററുകളെയും ഇറാൻ ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആക്രമണ സാധ്യത കൂടി കണക്കിലെടുത്താണ് മെറ്റയുടെ തീരുമാനം.

English Summary: Meta has temporarily shut down its office in Tel Aviv amid escalating tensions in the Middle East. The decision came after reports that Iran is intensifying retaliatory attacks against Israel using missiles and drones. Around 900 employees work at the office, and the company has arranged hotel accommodations for staff who do not have access to safe shelters.