ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഗാസയിലെ വെടിനിർത്തൽ, ഇറാൻ ആണവ ചർച്ചകൾ തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ട്രംപ് വീണ്ടും അമേരിക്കയുടെ അധികാരമേറ്റെടുത്തത്തിനു ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.
മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയാണ് ഇരു നേതാക്കളും തമ്മിൽ നടന്നതെന്നാണ് റിപ്പോർട്ടുകള്‍. നേരത്തെ ഗാസയിൽ നടപ്പിലാക്കപ്പെട്ട വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പൂർത്തിയായിരുന്നു. എന്നാല്‍ വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേൽ നിയന്ത്രണം കടുപ്പിക്കുകയാണ്. ഈ സാഹചര്യം കൂടെ പരിഗണിച്ചാണ് കൂടിക്കാഴ്ച. ഗാസയിലെ പുനർനിർമാണങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവെക്കണമെന്ന് നെതന്യാഹു വീണ്ടും ആവശ്യപ്പെട്ടിരിന്നു.
നെതന്യാഹുവുമായി നടത്തിയ ചർച്ച വളരെ മികച്ചതായിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിൽ എത്തിച്ചേരാൻ തന്നെയാണ് ശ്രമമെന്നും അങ്ങനെ സംഭവിച്ചിട്ടില്ലെങ്കിൽ എന്തായിരിക്കും ഫലം എന്നത് കണ്ടറിയേണ്ടിവരും എന്നും ട്രംപ് പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയുമായും നെതന്യാഹു സംസാരിച്ചിരുന്നു. ചർച്ചകൾ എല്ലാം തന്നെ വിജയകരമെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്.
English Summary: Israeli Prime Minister Benjamin Netanyahu and US President Donald Trump held their sixth meeting, discussing the Gaza ceasefire and ongoing Iran nuclear negotiations.