റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ എംബസി സമുച്ചയത്തിനുള്ളിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് കെട്ടിടത്തിൽ പരിമിതമായ തീപിടുത്തവും ചെറിയ തോതിലുള്ള നാശനഷ്ടവും ഉണ്ടായതായി അധികൃതർ അറിയിച്ചു.
സൗദിയിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത ഇടങ്ങളിൽ തുടരണമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഉണ്ടാകാവുന്ന തിരിച്ചടിയെക്കുറിച്ച് വൈകാതെ അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് റിയാദിൽ പുതിയ സ്ഫോടന ശബ്ദം കേട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നതായി വിവിധ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. യുഎഇ പ്രതിരോധ മന്ത്രാലയം ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായും റിപ്പോർട്ട് ചെയ്തു. അതേസമയം, ദുബായ്ക്ക് സമീപമുള്ള വ്യോമത്താവളത്തിലും ഡ്രോൺ ആക്രമണം നടന്നതായി ഓസ്ട്രേലിയയുടെ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ഓസ്ട്രേലിയൻ സേന ഉപയോഗിക്കുന്ന താവളമാണ് ലക്ഷ്യമാക്കിയതെന്നും, ആക്രമണത്തിൽ ഓസ്ട്രേലിയൻ സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ തലസ്ഥാന മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ സൈറൺ മുഴങ്ങിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് ജനങ്ങൾ അടുത്തുള്ള സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി. ബഹ്റൈനിലെ യുഎസ് നാവിക താവളത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം ആരംഭിച്ചതുമുതൽ നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ കുവൈത്ത് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയിൽ കഴിയുന്നവരുടെ നില സ്ഥിരമാണെന്നും ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ഗൾഫ് മേഖലയിൽ സുരക്ഷാ സാഹചര്യം സംഘർഷപൂർണമായി തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
English Summary: Iran carried out a drone attack targeting the U.S. Embassy in Riyadh, with two drones hitting the premises, Saudi authorities confirmed.