International

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഈ നടപടി ഇറാനെ പ്രതിസന്ധിയിലാക്കുന്നതാണ്

Madism Desk

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ്. തീരുവ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും, ഉടനടി ശക്തമായ സൈനിക ഇടപെടൽ നടത്തുമെന്നുമുള്ള ഭീഷണിക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കടുക്കുന്ന ഘട്ടത്തിൽ അധിക തീരുവ ഇറാനെ പ്രതിസന്ധിയിലാക്കും.

ഈ തീരുമാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇറാൻ നേതാക്കൾ തന്നെ സമീപിച്ചതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. എന്നാൽ സ്ഥിതി പൂർണമായും നിയന്ത്രണത്തിലായെന്നും അക്രമത്തിന്‌ പിന്നിൽ ഇസ്രായേലും യുഎസുമാണെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരഖ്‌ചി പറഞ്ഞു. അമേരിക്ക ആക്രമിച്ചാൽ മേഖലയിലെ യുഎസ്‌ സൈനികതാവളങ്ങളിലും, ഇസ്രയേലിലും ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ്‌ ഇടപെടലിന്‌ വഴിയൊരുക്കാനാണ്‌ നിലവിലെ സമരം അക്രമാസക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്നും, പരസ്‌പര താൽപ്പര്യങ്ങളും ആശങ്കകളും അംഗീകരിക്കുന്നതാവണം ചർച്ചയെന്നും ഇറാൻ വിദേശ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാനിന്റെ വിവിധ നഗരങ്ങളിൽ സർക്കാർ അനുകൂല മാർച്ചുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇറാനിയൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്നുള്ള ജനരോഷമാണ്‌ ഡിസംബർ അവസാനത്തിൽ വ്യാപക പ്രതിഷേധമായി വളർന്നത്‌. 48 സുരക്ഷാസൈനികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി വെളിപ്പെടുത്തിയത്.

English Summary: Former US President Donald Trump announced a 25% tariff on countries trading with Iran