International

ട്രംപ് സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു; ഇറാനെ ആക്രമിക്കില്ലെന്ന് സൂചന, സംഘർഷം അയയുന്നു

സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ട്രംപുമായി നടത്തിയ ചർച്ചയുടെ ഫലമാണ് ഈ അയവിനു കാരണമെന്നാണ് സൗദി ഉന്നതോദ്യോഗസ്ഥൻ അറിയിക്കുന്നത്

Madism Desk

മൂന്നാഴ്ചക്കാലമായി ഇറാനിൽ നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ ഇടപെടുമെന്ന നിലപാട് പിൻവലിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ തെരുവുകളിൽ കത്തിജ്വലിച്ച പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവരെ തൂക്കിലേറ്റുമെന്ന സർക്കാർ നിലപാടിനെ വിറപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാരെ വധിക്കുകയോ നിലവിലെ ഇറാൻ സ്ഥിതി വഷളാവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ സൈനിക നടപടിയുമായി യു.എസ് ഇറാനിലെത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാൻ ഭരണകൂടം അവസാനിപ്പിച്ചതായി തനിക്കു വിവരം ലഭിച്ചതായും അതിനാലാണ് സൈനിക നടപടിയിൽ നിന്നും പിൻവാങ്ങുന്നതെന്നുമാണ് ട്രംപിന്റെ വിശദീകരണം.

എന്നാൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ട്രംപുമായി നടത്തിയ ചർച്ചയുടെ ഫലമാണ് ഈ അയവിനു കാരണമെന്നാണ് സൗദി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിക്കുന്നത്. യു.എസ് ഇറാനെ ആക്രമിച്ചാൽ അത് പശ്ചിമേഷ്യയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ട്രംപുമായി പങ്കുവെച്ചതിനാലാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മനുഷ്യാവകാശ കമ്മീഷനുകൾ പുറത്തു വിടുന്ന വിവരങ്ങളനുസരിച്ച് ഡിസംബർ 28ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 2000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

നിലവിൽ ഇറാനിലെ പ്രക്ഷോഭങ്ങൾ തണുക്കുകയും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുന്നയുമായാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഖത്തറിലെ യുഎസിന്റെ വ്യോമതാവളമായ അൽ ഉദൈദിനു നൽകിയ സുരക്ഷാമുന്നറിയിപ്പിൽ ഇറാൻ ഇളവു വരുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച നാലുമണിക്കൂറോളം അടച്ചിട്ട ശേഷം ഇറാൻ വ്യോമപാതയും തുറന്നു നൽകി.

അതേസമയം നിലവിലെ അരക്ഷിതാവസ്ഥകൾ മൂലം ഇറാനിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേകത വിമാനങ്ങൾ ഇന്ത്യൻ ഗവണ്മെന്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സജ്ജീകരിച്ച ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടുന്നതാണ്. പതിനായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇന്ത്യൻ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ ഇവയാണ് :+989128109115, +989128109109, +989128109102, +989932179359.

English Summary: US President Donald Trump has indicated a retreat from military action against Iran amid ongoing protests, following diplomatic pressure from Gulf nations, easing regional tensions.