റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടർന്നാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടിയുണ്ടാകുമെന്ന ഭീഷണി കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ കൊണ്ടുവന്ന പുതിയ ബില്ലിനാണ് ട്രംപ് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇറക്കുമതി നികുതികളിൽ വൻ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്.
റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് വെളിപ്പെടുത്തിയത്. 'റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ഈ ബിൽ ശിക്ഷിക്കും, ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുമാനം കൈകൊള്ളുന്നതിന് യുഎസിന് കൂടുതൽ അധികാരം ഈ ബിൽ നൽകും,' എന്നായിരുന്നു ലിൻഡ്‌സി ഗ്രഹാം എക്സിൽ കുറിച്ചത്. ഈ ബിൽ പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള നികുതി 500 ശതമാനം വരെ യുഎസിന് വർദ്ധിപ്പിക്കാൻ സാധിക്കും.
2022ൽ യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. യുദ്ധം മൂലം റഷ്യയ്ക്ക് പരമ്പരാഗത ഉപഭോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ, വലിയ തോതിൽ ഡിസ്കൗണ്ട് നൽകി അവർ ഇന്ത്യയെയും ചൈനയെയും ആകർഷിക്കുകയായിരുന്നു. എന്നാൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്നത് ചൈനയാണെങ്കിലും ട്രംപ് പിഴത്തീരുവ ചുമത്തിയത് ഇന്ത്യയ്ക്ക് മാത്രമാണ്.
കഴിഞ്ഞ ദിവസം, ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും,’എന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതേസമയം, അമേരിക്കയുമായി വ്യാപാരക്കരാറിലെത്താനും, അതുവഴി തീരുവയിൽ ഇളവ് നേടാനുമായിരുന്നു ഇന്ത്യയുടെ നിലവിലെ ശ്രമം. ഏതായാലും അമേരിക്കയുടെ പുതിയ ഭീഷണിയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: U.S. President Donald Trump warned that India could face a 500% tariff if it continues buying oil from Russia.