ന്യൂയോർക്ക് സിറ്റിയിലെ നഴ്സുമാരുടെ സമരത്തിന് പൂർണ പിന്തുണയുമായി സൊഹ്റാൻ മംദാനി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോർ, ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ എന്നിവിടങ്ങളിലെ നഴ്സുമാരാണ് പണിമുടക്ക് സമരത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ടാണ് പണിമുടക്ക്. നഗരത്തിന്റെ പുതിയ മേയർ സൊഹ്റാൻ മംദാനിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയത് സമരക്കാർക്ക് ആവേശമായി.
മാസങ്ങളായി നടന്ന ചർച്ചകൾക്ക് ഫലം കാണാത്തതിനെ തുടർന്നാണ്, ഇപ്പോൾ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് സംഭവിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം, തുച്ഛമായ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ അഭാവം, നിയന്ത്രിക്കാനാവാത്ത ജോലിഭാരം എന്നിവ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനാണ് സമരം ആഹ്വാനം ചെയ്തത്. ന്യൂയോർക്ക് നഗരത്തിലെ സമ്പന്ന ആശുപത്രികളുടെ മാനേജ്‌മെന്റ്, നഴ്‌സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അസോസിയേഷൻ ആരോപിച്ചു.
‘നമ്മുടെ നഗരത്തിലെ ഏറ്റവും ഇരുണ്ട സമയങ്ങളിൽ എല്ലാം നഴ്‌സുമാർ ജോലിക്ക് എത്തുന്നുണ്ട്. അവരുടെ മൂല്യം ചർച്ച ചെയ്ത് അളക്കാവുന്നതല്ല’, മംദാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യൂയോർക്ക് പ്രെസ്ബിറ്റീരിയന് മുന്നിൽ ചുവന്ന യൂനിയൻ സ്കാർഫ് ധരിച്ചാണ് മംദാനി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇത് വെറുമൊരു തൊഴിൽ സമരമല്ല, മറിച്ച് ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് തീരുമാനിക്കലാണെന്നും, അദ്ദേഹം ചൂണ്ടികാണിച്ചു. നഗരത്തിലെ അതിസമ്പന്നരുടെ സ്വകാര്യ ആശുപത്രികളിൽ സാമ്പത്തിക പ്രസിസന്ധിയില്ല എന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
English Summary: Thousands of nurses strike in New York City; Zohran Mamdani supports the strike