കൊട്ടാരക്കര: കൂടുമാറ്റത്തിന് പിന്നാലെ ഐഷ പോറ്റിക്ക് സ്വീകരണമൊരുക്കി കൊട്ടാരക്കര കോൺഗ്രസ്. കോൺഗ്രസ് ഭവനിൽ നടന്ന സ്വീകരണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി മധുരം നൽകി സ്വീകരിച്ചു. ഇടതുപക്ഷത്തെ സാധാരണ പ്രവർത്തകരോട് തനിക്ക് ബഹുമാനമുണ്ടെന്നും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും നേതൃത്വത്തിൽ നിന്ന് നേരിട്ട അവഗണനയാണ് മാറ്റത്തിന് പിന്നിലെന്നും ഐഷ പോറ്റി നന്ദി പ്രസംഗത്തിൽ വ്യക്തമാക്കി.
ഇടതുപക്ഷത്തെ നേതൃനിരയിലുള്ള ചില നേതാക്കൾ തനിക്കെതിരെ ഗൂഢാലോചനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ പ്രവർത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി തളർത്താനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. കൊട്ടാരക്കര മുൻ എംഎൽഎ ആയിരുന്ന കാലത്ത് മികച്ച പ്രവർത്തനങ്ങൾ ഉണ്ടായിട്ടും, വികസന പ്രവർത്തനങ്ങളിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്നും ഐഷ പോറ്റി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഐഷ പോറ്റി കോൺഗ്രസിലേക്ക് ചുവടുമാറുന്നത്. മൂന്ന് പതിറ്റാണ്ടോളം സിപിഐഎംനൊപ്പം പ്രവർത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൂടുമാറ്റം. കെപിസിസിയുടെ രാപ്പകൽ സമരവേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്നുതവണ കൊട്ടാരക്കരയിൽ ഇടതുപക്ഷത്തിന്റെ എംഎൽഎ ആയി പ്രവർത്തിച്ച ശേഷം കഴിഞ്ഞ അഞ്ചു വർഷമായി സി പി ഐ എം മായി അകൽച്ചയിലായിരുന്നു. പാർട്ടിവിട്ട് കോൺഗ്രെസ്സിലെത്തിയ ഐഷ പോറ്റിയെ വർഗവഞ്ചകയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിളിച്ചത്. രണ്ട് തവണ മത്സരിച്ച് വിജയിച്ചവരെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന പാർട്ടി തീരുമാനമാണ് ഐഷ പോറ്റിയുടെ പാർട്ടി മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും അഭ്യുഹങ്ങളുണ്ട്.
English Summary: Kottarakkara Congress hosted a reception for Aisha Potti following her switch from the CPI(M). She said neglect and alleged conspiracies by the Left leadership led to her decision, while she continues to respect grassroots Left workers.