കല്പറ്റ: വയനാട് സിപിഎമ്മിൽ പ്രശ്നങ്ങൾ സങ്കീർണമാവുന്നു. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ വി ജയൻ പാർട്ടി വിട്ടതോടെയാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾ ചർച്ചയായിരിക്കുന്നത്. നേതൃനിരയിലുളള ചിലർ വ്യക്തിപരമായി ഒറ്റപെടുത്തുന്നതാണ് ഈ ഒഴിഞ്ഞു പോക്കിന്റെ കാരണമെന്നാണ് എ വി ജയൻ വ്യക്തമാക്കിയത്. നീണ്ട 35 വർഷം താൻ പാർട്ടിക്ക് വേണ്ടി സമർപ്പിച്ചുവെന്നും, നിലവിൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ പ്രവർത്തിച്ച കാലത്തോളം പാർട്ടിയെ നശിപ്പിക്കുന്നതോ ദുർബലപ്പെടുത്തുന്നതായായ പ്രവർത്തികൾ ഒന്നും തന്നെ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ജയൻ പറഞ്ഞു. പാർട്ടിയുടെ ജില്ലാ സമ്മേളനം കഴിഞ്ഞതോടെയാണ് ഉൾപ്പാർട്ടിയിൽ ഭിന്നതകൾ ഉണ്ടായതെന്നും ഒരു വിഭാഗം തന്നെ വേട്ടയാടുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേതൃനിരയ്ക്കെതിരെ താൻ ഉന്നയിച്ച വിമർശനങ്ങളാണ് ഒറ്റപ്പെടുത്തലിനു പിന്നിലെന്നും കഴിഞ്ഞ ഒന്നര വർഷക്കാലമായി ഈ വേട്ടയാടലുകളാണ് പാർട്ടി വിടാനുള്ള തീരുമാനം എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി തേടിയപ്പോഴും തന്നെ പരാജയപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി തന്നെ പരിഗണിക്കാതെ പോകുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ആ സ്ഥാനം വലിയ കാര്യമല്ല, എന്നിരുന്നാലും സംഘടനാ സംവിധാനത്തിൽ സഹകരിച്ച് മുന്നോട്ടു പോകാൻ ഇനി സാധിക്കില്ല. അവഗണനകൾ ഏറ്റുവാങ്ങി നിലനിൽക്കുന്നില്ല. പക്ഷെ ജനങ്ങൾ നൽകിയ പഞ്ചായത്ത് മെമ്പർ എന്ന സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹമുണ്ടെന്നും ജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
English Summary: Senior CPI(M) leader and Puthadi grama panchayat member A V Jayan has quit the party in Wayanad, citing isolation and pressure from party leadership.