കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ചിന്നു പപ്പുവിന്റെ മരണത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യും. ആണ്‍സുഹൃത്തുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിലാണ് നടപടി. നേരത്തെ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് ചിന്നു എന്ന വിളിപ്പേരിലറിയപ്പെടുന്ന രേഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആണ്‍സുഹൃത്ത് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരികെയെത്തിയ സമയത്ത് ചിന്നു ആത്മഹത്യ ചെയ്ത നിലയിലായിരുന്നു, ഇയാളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രേഷ്മയെ ആശുപത്രിയിലെത്തിച്ചത്. ആണ്‍സുഹൃത്തുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലുള്‍പ്പെടെ നിരവധി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമാണ് രേഷ്മ. കാസര്‍ഗോഡ് ഭാഷയിലാണ് മിക്ക സമയങ്ങളിലും രേഷ്മ വീഡിയോകള്‍ ചെയ്തിരുന്നത്. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കുക്കിങ്, ലൈഫ് സ്റ്റൈല്‍ വീഡിയോകളാണ് രേഷ്മയുടെ കണ്ടന്‍ഡുകള്‍. ഏകദേശം ഒരു മാസം മുന്‍പാണ് രേഷ്മ വിവാഹമോചിതയാവുന്നത്. ആദ്യ വിവാഹത്തില്‍ നാല് വയസ്സുള്ള മകനുണ്ട്.
(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, 'ദിശ' ഹെൽപ്പ്ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056).
English Summary: Police in Kasaragod have summoned the male friend of popular social media influencer Reshma (known as Chinnu Pappu) for questioning in connection with her death. Reshma was found dead at the residence where she lived with her boyfriend, who was reportedly at work at the time.