ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിൽ പൊലീസ് വിശദമായ പരിശോധന നടത്തി. സ്വയം വെടിയുതിർത്ത് റോയ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്ത് എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും പരിശോധന തുടരുകയാണ്.
സംഭവത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടന്നത് റെയ്ഡ് തന്നെയാണോയെന്ന കാര്യത്തിൽ ആദായ നികുതി വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും അനുബന്ധ ഹാർഡ് ഡിസ്കുകളും പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സി ജെ റോയ് ആത്മഹത്യ ചെയ്തെന്ന വിവരം ജീവനക്കാരാണ് ആദ്യം പൊലീസിനെ അറിയിച്ചത്. വെടിയുതിർന്ന ശബ്ദം കേട്ടതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്‌യുടെ മൃതദേഹം ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary : CJ Roy, owner of Confident Group, reportedly committed suicide at the Confident Pentagon office in Ashok Nagar, Bengaluru. Police and FSL are investigating the scene.