K C Venugopal, K Sudhakaran, Shafi Parambil Image Credit: Facebook
Kerala

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല; നിലപാടറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ

സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡൽഹിയിൽ യോഗം ചേരും

Madism Desk

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച എംപിമാർക്കെതിരെ കടുത്ത നിലപാടുകളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. എംപിമാർ മത്സരിക്കുകയാണെങ്കിൽ നേതാക്കൾ മത്സരങ്ങളിൽ നിന്നും പിൻവാങ്ങുമെന്നാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് അവർ ഈ നിലപാട് നേതൃത്വത്തെ അറിയിച്ചത്.

കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ എംപിമാരാണ് മത്സരിക്കാൻ സദ്ധത അറിയിച്ചിട്ടുള്ളത്. നിലവിൽ നടക്കുന്ന സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എംപിമാർ മത്സരിക്കുന്ന കാര്യത്തിലുള്ള ഹൈക്കമാൻഡിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന.

സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡൽഹിയിൽ യോഗം ചേരും. അതേസമയം, ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തി ആദ്യഘട്ട പട്ടികയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ വീണ്ടും മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട്. എന്നാൽ, തൃത്താലയിൽ വി ടി ബൽറാം തന്നെ മത്സരത്തിനെത്തുമെന്നാണ് സൂചന. അതേസമയം മത്സരിക്കുന്ന കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും മാധ്യമങ്ങൾക്കെന്താ മറവി രോഗമാണോയെന്നും കെസി വേണു​ഗോപാൽ ചോദിച്ചു. പാർട്ടിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവിൽ കെ മുരളീധരനും, കൊട്ടാരക്കരയിൽ ആയിഷാപോറ്റിയും പാലക്കാട് രമേശ് പിഷാരടിയും മത്സരിക്കും. കൂടാതെ രമ്യ ഹരിദാസ് അടൂരിലും, ടി എൻ പ്രതാപൻ മണലൂരിലും മത്സരിക്കും. തവനൂർ /തിരുവമ്പാടിയിൽ വിഎസ് ജോയ് സീറ്റ് ഉറപ്പിച്ചു. കുന്നത്തുനാടിൽ വി പി സജീന്ദ്രനും, തൃശ്ശൂരിൽ ടിവി ചന്ദ്രമോഹനും, കൊടുങ്ങല്ലൂരിൽ ഒ.ജെ ജിനീഷ് കുമാറും, കോങ്ങാടും കെ.എ തുളസിയും സ്ഥാനാർത്ഥിയാകും. പൊന്നാനിയിൽ നൗഷാദ് അലിയും, കോഴിക്കോട് നോർത്തിൽ കെ ജയന്തും, എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും, കൊയിലാണ്ടിയിൽ കെ പ്രവീൺകുമാറും നാദാപുരത്ത് കെ എം അഭിജിത്തും ഉദുമയിൽ കെ നീലകണ്ഠനും മത്സരിക്കും.