Kerala

മുന്നണി വിട്ടാൽ പാർട്ടി പിളർത്തും; ജോസ് കെ മാണിയുടെ നീക്കം തടയാൻ സിപിഐഎം

മന്ത്രി റോഷി അ​ഗസ്റ്റിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള പദ്ധതികളാണ് ഇടതുപാളയം ആസൂത്രണം ചെയ്യുന്നത്.

Madism Desk

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാ കോൺ​ഗ്രസ് ഇടതുമുന്നണി വിടാനുള്ള നീക്കങ്ങൾക്ക് തടയിടാൻ സിപിഐഎം. മന്ത്രി റോഷി അ​ഗസ്റ്റിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള പദ്ധതികളാണ് ഇടതുപാളയം ആസൂത്രണം ചെയ്യുന്നത്. റോഷി അ​ഗസ്റ്റിന്റെ വിയോജിപ്പ് മറികടന്ന് നീങ്ങിയാൽ പാർട്ടി പിളരുമെന്ന മുന്നറിയിപ്പ് ജോസ് കെ മാണിയെ അറിയിച്ചതായിട്ടാണ് അഭ്യൂഹങ്ങൾ. നേരത്തെ ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെയെത്തിയാൽ ഒപ്പം നിർത്തുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ വ്യക്തമാക്കിയിരുന്നു.

ഇടതു മുന്നണി വിട്ട് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറാൻ ജോസ് കെ മാണിക്ക് മുന്നിലുള്ള തടസ്സം മന്ത്രി റോഷി അ​ഗസ്റ്റിനാണ്. എംഎൽഎമാരെ ഒപ്പം നിർത്തി ജോസ് കെ മാണിക്ക് മുന്നിൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം റോഷി അ​ഗസ്റ്റിൻ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്, വഴങ്ങിയില്ലെങ്കിൽ പാർട്ടി പിളർത്താനുള്ള ശ്രമങ്ങളും റോഷി അ​ഗസ്റ്റിൻ നടത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തിൽ പ്രമോദ് നാരായണുമായും സിപിഐഎം നേതൃത്വം ആശവിനിമയം തുടരുന്നുണ്ട്.

അതേസമയം ജോസ് കെ മാണിയുമായി സോണിയാ ​ഗാന്ധി ഫോണിൽ സംസാരിച്ചെന്ന വാദം കെസി പൂർണമായും തള്ളി. ജോസ് കെ മാണിയുമായി നിലവിൽ സോണിയാ ​​ഗാന്ധി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നാണ് കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോണിയാ ​ഗാന്ധി പൂർണ്ണ ആരോ​ഗ്യ വീണ്ടെടുക്കുന്നത് വരെ പാർട്ടി കാര്യങ്ങളിൽ നേരിട്ട് ഇടപെടലുണ്ടാവില്ലെന്നാണ് നേതൃത്വം നൽകുന്ന വിവരം. മാത്രമല്ല, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയാ ​ഗാന്ധി നേരിട്ട് ഇടപെടലുകൾ നടത്തുന്ന കീഴ്വഴക്കം കോൺ​ഗ്രസിനില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ജോസ് കെ മാണി മുന്നണി വിട്ടാൽ ആവശ്യമുള്ള പരി​ഗണന നൽകുമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ കെ സി വേണു​ഗോപാലും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരേ നിലപാടാണെന്നും സൂചനയുണ്ട്. മുന്നണി വിജയിക്കുകയാണെങ്കിൽ ജോസ് കെ മാണിക്ക് മന്ത്രിസഭയിൽ താക്കോൽ സ്ഥാനം നൽകേണ്ടിവരും, എന്നാൽ നിലവിൽ ഇത്തരം അധികാരം പ്രശ്നത്തെക്കാൾ എൽഡിഎഫിന്റെ ശക്തി ക്ഷയിപ്പിക്കുകയെന്ന നീക്കങ്ങളുമായി മുന്നോട്ടുപോകാമെന്ന നിലപാടിലാണ് നേതൃത്വം.

English Summary: CPI(M) is trying to stop Jose K. Mani’s KC(M) from quitting the LDF, with Roshy Augustine leading the effort.