Kerala

ദീപക്കിന്റെ മരണം; ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്

Madism Desk

ബസ് യാത്രയ്ക്കിടയിൽ ലൈംഗീകാതിക്രമം നടത്തിയെന്ന ആരോപണത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. കുന്നമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് R കോടതിയാണ് ഷിംജിതയെ മഞ്ചേരി കോടതിയിലേക്ക് റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

ഒളിവിലായിരുന്ന ഷിംജിതയെ തിരഞ്ഞ് പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ബസിൽ വെച്ച് ദീപക് ലൈംഗീകാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ഷിംജിത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദീപക്കിന്റെ മരണത്തിനു പിന്നാലെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു.

ഷിംജിത സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുകയാണ്. സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലായിരുന്നു യുവതി വീഡിയോ ചിത്രീകരിച്ചത്.

English Summary: A court has remanded Shimjitha to 14 days of judicial custody in the suicide case of Kozhikode native Deepak, which followed the viral circulation of a video alleging sexual harassment during a bus journey.