കൊച്ചി: അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം ആകെ 40,000 രൂപ ഹർജിക്കാരനായ എം.ആർ. അജയൻ അടയ്ക്കണമെന്ന് ജസ്റ്റിസുമാരായ എ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. ഇത്തരത്തിലുള്ള നടപടികൾ വീണ്ടും ആവർത്തിക്കപ്പെട്ടാൽ ഭാവിയിൽ പിഴയുടെ തുക 10,000 രൂപയിൽ നിൽക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതി ചെലവായി വിധിച്ച ഈ തുക കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട ഹർജി, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി എന്നിവ ഉൾപ്പെടെ നാല് കേസുകളാണ് അവധിക്കാല ബെഞ്ചിൽ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23ന് കോടതി പിഴ ചുമത്തിയത്.
കോടതി അവധിക്ക് ശേഷം ജനുവരി 21ന് പരിഗണിക്കാനായി നിശ്ചയിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ഉൾപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കേസിന്റെ പരിഗണനയ്ക്കുശേഷം ഹർജിക്കാരന്റെ അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
അവധിക്കാല ബെഞ്ച് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനായാണ് ചേരുന്നതെന്നും, ഹർജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനയ്ക്ക് മതിയായ കാരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് റിവ്യൂ ഹർജി തള്ളിയത്.
English Summary: The Kerala High Court dismissed a review petition challenging fines imposed for listing non-urgent cases before the vacation bench, stating such benches cannot be cancelled