Kerala

നടി ശാരദയ്ക്ക് ജെ.സി ഡാനിയേൽ പുരസ്‌കാരം

മലയാളത്തിൽ ജെസി ഡാനിയേൽ പുരസ്കാരത്തിന് ഏറ്റവും അർഹയായ അഭിനേത്രിയെന്നാണ് ജൂറി ശാരദയെ തെരഞ്ഞെടുത്തതിന് പിന്നാലെ വ്യക്തമാക്കിയത്

Madism Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേൽ പുരസ്‌കാരം 2024 അഭിനേത്രി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ബഹുമതിയാണ് പുരസ്‌കാരം നൽകുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതായിരിക്കും പുസ്കാരം. ജനുവരി 25ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഭാഗമാകുവാൻ ഭാഗ്യം സിദ്ധിച്ച നടിയാണ് ശാരദ. 1968ൽ പ്രേം നസീർ നായകനായ 'തുലാഭാരം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമായ ഉർവശി അവാർഡിന് അർഹയായി. ഇതിലൂടെ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ദേശീയ പുരസ്‌കാരം നേടുന്ന ആദ്യത്തെ നടിയെന്ന ചരിത്ര വിശേഷണവും ശാരദ സ്വന്തമാക്കി. പിന്നീട് 1978ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.

തോപ്പിൽ ഭാസിയുടെ KPAC നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിറവിയെടുത്ത നിരവധി ചിത്രങ്ങളിലെ ശക്തമായ സ്ത്രീപക്ഷ കഥാപത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ വലിയൊരു ഭഗവാക്കാവാനും ശാരദാമ്മയ്ക്ക് സാധിച്ചു. കേരളത്തിലെ സവർണ ബോധത്തിന് നേരെ അലയടിച്ച സ്ത്രീപക്ഷ കഥാപാത്രങ്ങൾ മുതൽ ഏറ്റവും സാധാരണക്കാരിയായ മലയാളി സ്ത്രീയായി ഭൂരിഭാഗം വരുന്ന സിനിമകളിലും കഥാപത്രങ്ങൾ ചെയ്തതിനാലാവാം തെലുങ്ക് ദേശത്തു പിറന്ന പെൺകുട്ടി പിൽകാലത്ത് മലയാള സിനിമയിലെ 'ദുരന്ത നായിക'യായി അറിയപ്പെട്ടത്.

ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ശാരദ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ജെസി ഡാനിയേൽ പുരസ്കാരത്തിന് ഏറ്റവും അർഹയായ അഭിനേത്രിയെന്നാണ് ജൂറി ശാരദയെ തെരഞ്ഞെടുത്തതിന് പിന്നാലെ വ്യക്തമാക്കിയത്.

English Summary: Veteran actress Sharada has been awarded the prestigious J.C. Daniel Award 2024, Kerala’s highest honour in cinema, for her lifetime contribution to Malayalam films.