Kerala

'അഭ്യൂഹങ്ങൾക്ക് വിരാമം'; ഇടതിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോസ് കെ മാണി

'കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല.'

Madism Desk

കോട്ടയം: കേരളാ കോൺ​ഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജോസ് കെ മാണി. മുന്നണി മാറ്റം പരി​ഗണിക്കുന്നില്ലെന്ന് ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. സോണിയാ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസിലെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. പാർട്ടിയിൽ ഭിന്നതയില്ലെന്നും തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും കേരളാ കോൺ​ഗ്രസ് എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

‘ആരാണ് ഈ ചർച്ചകൾ നടത്തുന്നത്. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് കേരളാ കോൺ​ഗ്രസിന്റെ തീരുമാനം. ഞങ്ങളെയോർത്ത് ആരും കരയേണ്ട. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ ഞങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിത്. കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 110 സീറ്റുകളിൽ യുഡിഎഫിനു പിന്തുണയുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അത് 80 ആയി കുറഞ്ഞു. ഈ ആശങ്കയാണ് യുഡിഎഫിനുള്ളത്. പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല. അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കും. പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്ത് ഒറ്റ തീരുമാനമായി മാറും.‘ ജോസ് കെ മാണി വ്യക്തമാക്കി.

‘കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്. 5 വർഷം മുൻപ് ഞങ്ങളെ യുഡിഎഫ് പുറത്താക്കി. അതിനുശേഷം എൽഡിഎഫിനൊപ്പം ചേരാൻ ഞങ്ങൾ നിലപാടെടുത്തു. അതിൽ ഉറച്ചുനിൽക്കും. ദുബായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് പോയത്. കുടുംബ സമേതമായിരുന്നു യാത്ര, തിങ്കളാഴ്ച എൽഡിഎഫ് നടത്തിയ സത്യഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തിട്ടുണ്ട്.’ ജോസ് കെ. മാണി പറഞ്ഞു.

നേരത്തെ കേരളാ കോൺ​ഗ്രസ് എം ഇടതുമുന്നണി വിടാനുള്ള നീക്കങ്ങൾക്ക് തടയിടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. മന്ത്രി റോഷി അ​ഗസ്റ്റിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള പദ്ധതികളാണ് ഇടതുപാളയം ആസൂത്രണം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ട്. റോഷി അ​ഗസ്റ്റിന്റെ വിയോജിപ്പ് മറികടന്ന് നീങ്ങിയാൽ പാർട്ടി പിളരുമെന്ന മുന്നറിയിപ്പ് ജോസ് കെ മാണിയെ അറിയിച്ചതായിട്ടാണ് അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary: Jose K Mani, leader of Kerala Congress (M), has firmly denied rumours of exiting the LDF, stating the party has no intention of switching fronts. He dismissed talks of discussions with Congress high command, including Sonia Gandhi, and emphasized unity among all five MLAs. He accused UDF of insecurity due to shrinking support and reaffirmed KC(M)’s strong commitment to the Left front.