Kerala

വഴങ്ങാതെ കെ. സുധാകരൻ; കണ്ണൂർ പ്രതിസന്ധി മറികടക്കാനാവാതെ ഹൈക്കമാൻഡ്, വീണ്ടും ചർച്ച നിലപാടിലുറച്ച് കെ. സുധാകരൻ

മത്സരിക്കാനുള്ള നിലപാട് കൂടുതൽ വ്യക്തമാക്കും വിധം കണ്ണൂരുമായുള്ള വൈകാരികബന്ധത്തിന്റെ ആഴം പ്രകടിപ്പിച്ചുകൊണ്ട് സുധാകരൻ ഇന്നലെ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു

Madism Desk

കണ്ണൂർ: പാർലമെന്റ് അം​ഗങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തോടുള്ള അതൃപ്തി പരസ്യമാക്കിയ കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഫലം കണ്ടില്ല. കണ്ണൂരിൽ മത്സരിക്കണമെന്നുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈക്കമാൻഡ് വെള്ളിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അനുനയ നീക്കങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച സുധാകരൻ ഡൽ​ഹി ക്ഷണം നിഷേധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. യാത്ര റദ്ദാക്കിയതോടെ കേരളത്തിലെ മുതിർന്ന നേതാക്കൾ സുധാകരനുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടയിൽ ലോകസഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയാണ് അനുനയനീക്കത്തിനായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. എന്നാൽ സമ്മർദ്ദങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി കെ സുധാകരൻ യാത്ര മനപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം അനുനയ ചർച്ചകൾക്കായി രാഹുൽ ഗാന്ധി വിളിച്ചുവെന്ന വാർത്തകളെ കെ സുധാകരൻ തള്ളിയിട്ടുണ്ട്. നിലവിൽ കണ്ണൂരിലെ വസതിയിലാണ് സുധാകരനുള്ളത്.

മത്സരിക്കാനുള്ള നിലപാട് കൂടുതൽ വ്യക്തമാക്കും വിധം കണ്ണൂരുമായുള്ള വൈകാരികബന്ധത്തിന്റെ ആഴം പ്രകടിപ്പിച്ചുകൊണ്ട് സുധാകരൻ ഇന്നലെ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വലിയ ചർച്ചയായിരുന്നു. എംപിമാർക്ക് മത്സരിക്കാൻ അവകാശമുണ്ടെന്നും പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയാണ് തന്റെ തീരുമാനമെന്നുമാണ് കെ സുധാകരന്റെ വാദം. മത്സരിക്കാൻ അർഹതയുള്ളവരാണ് മത്സരിക്കേണ്ടത്. ചർച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English Summary: Senior Congress leader K. Sudhakaran has reaffirmed his decision to contest the upcoming Kerala Assembly election from Kannur despite the party high command’s directive that sitting MPs should not contest. Although he was invited to Delhi amid reports that Rahul Gandhi wanted to hold talks to persuade him, Sudhakaran avoided the trip, suspecting it was part of a reconciliation effort. He insists that MPs have the right to contest