Kerala

ഹൈക്കമാൻഡിന്റെ സർജിക്കൽ സ്ട്രൈക്ക്; കേരളാ കോൺ​ഗ്രസ് എം യുഡിഎഫിലേക്കെന്ന് റിപ്പോർട്ടുകൾ

പാലായടക്കം കേരളാ കോൺ​ഗ്രസ് എമ്മിന്റെ മുൻ സീറ്റുകൾ തിരികെ വേണമെന്ന് ജോസ് കെ മാണി സോണിയാ ​ഗാന്ധിക്ക് മുന്നിൽ ഉപാധി വെച്ചതായും സൂചനയുണ്ട്.

Madism Desk

പാലാ: കേരള കോൺഗ്രസ് മാണി വിഭാഗം, ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഹൈക്കമാൻഡ് നേരിട്ടാണ് ജോസ് കെ മാണിയെയും സംഘത്തെയും തിരികെ യുഡിഎഫ് പാളയത്തിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. സോണിയാ ​ഗാന്ധി ജോസ് കെ മാണിയുമായി ഇക്കാര്യത്തിൽ നേരിട്ട് സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇക്കാര്യത്തിൽ ഇരുകൂട്ടരും ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പാലായടക്കം കേരളാ കോൺ​ഗ്രസ് എമ്മിന്റെ മുൻ സീറ്റുകൾ തിരികെ വേണമെന്ന് ജോസ് കെ മാണി സോണിയാ ​ഗാന്ധിക്ക് മുന്നിൽ ഉപാധി വെച്ചതായും സൂചനയുണ്ട്. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ മുന്നോട്ട് വെക്കാനും സാധ്യതയുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് മാണി വിഭാ​ഗത്തെ തിരികെയെത്തിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ്, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവർ, തീരുമാനത്തിൽ ജോസ് കെ മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെ നയപരമായ കൂടുമാറ്റത്തിന് ജോസ് കെ മാണി കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് നാല് എംഎൽഎമാരും അറിയിച്ചിരിക്കുന്നത്.

അതേസമയം, റോഷി അഗസ്റ്റിനടക്കമുള്ള ഒരു വിഭാഗം, മുന്നണി മാറ്റ ചർച്ചകളോട് അതൃപ്‌തി അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്. കത്തോലിക്ക സഭയും ചർച്ചകളിൽ ഇടപെട്ടെന്നാണ് പുറത്തുവരുന്ന വിവരം. സോണിയ ഗാന്ധിയുടെ ആരോഗ്യനില മെച്ചെപ്പെട്ടാൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയേക്കും.

ജോസ് കെ. മാണിയുടെ നീക്കത്തിന് പിന്നാലെ എൽഡിഎഫ് മധ്യമേഖല ജാഥ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ജാഥയുടെ ക്യാപ്റ്റൻ സ്ഥാനം ജോസ് കെ. മാണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. അദ്ദേഹം പിന്മാറിയതോടെ, കാഞ്ഞിരപ്പിള്ളി എം.എൽ.എ, എൻ. ജയരാജിന്റെ പേര് നിർദേശിച്ചതായും സൂചനയുണ്ട്. എന്നാൽ മുന്നണി മാറ്റം സജീവമായി പരി​ഗണിക്കുന്നതിനാൽ ജയരാജും യാത്രയിൽ നിന്ന് പിന്മാറാനാണ് സാധ്യത.

English Summary: Reports suggest that the Kerala Congress (M) faction, led by Jose K. Mani, may leave the LDF and rejoin the UDF.