Kerala

കലാപൂരം മൂന്നാം ദിനത്തിലേക്ക്; ഒന്നാമനായി കണ്ണൂരിന്റെ തേരോട്ടം, കോഴിക്കോട് തൊട്ടുപിന്നിൽ

ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് നിലവിൽ സ്കൂളുകളുടെ വ്യക്തി​ഗത പോയിന്റ് പട്ടികയിൽ ഒന്നാമത്

Madism Desk

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക്. മത്സരങ്ങൾ പുരോ​ഗമിക്കുമ്പോൾ 487 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത്. 483 പോയിന്റുമായി കോഴിക്കോട് രണ്ടാമതും തൊട്ടുപിന്നിലായി 481 പോയിന്റുമായി തൃശ്ശൂരുമുണ്ട്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം പട്ടികയിലെ മറ്റു സ്ഥാനങ്ങളിൽ.

ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് നിലവിൽ സ്കൂളുകളുടെ വ്യക്തി​ഗത പോയിന്റ് പട്ടികയിൽ ഒന്നാമത്. ആലത്തൂർ ബിഎസ്എസ് 118 പോയിന്റാണ് കരസ്ഥമാക്കിയിരിക്കുന്നത്. എസ്‌വിജിവിഎച്ച്എസ്എസ് കിടങ്ങന്നൂരാണ് രണ്ടാമത്. 25 വേദികളിലായി 249 ഇനങ്ങളിലായി 12,000ത്തോളം വിദ്യാര്‍ത്ഥികൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിൽ ഇനിയുള്ള മണിക്കൂറുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാവും സാക്ഷ്യം വ​ഹിക്കുക. സ്വർണ്ണക്കപ്പിനായി അവസാന മണിക്കൂറുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു.

കുച്ചുപ്പുടി, തിരുവാതിരക്കളി, പരിചമുട്ട്, ചവിട്ടുനാടകം, മലപുലയ ആട്ടം, നാടന്‍ പാട്ട്, സംഘഗാനം, കോല്‍ക്കളി, ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാർ കൂത്ത് തുട​ങ്ങി കാണികൾ കാത്തിരിക്കുന്ന ജനപ്രിയ ഇനങ്ങൾ ഇന്നാണ് വേദിയിലെത്തുന്നത്. ഇന്ന് മിക്ക വേദികളിലും വലിയ തിരക്കുണ്ടാകാനാണ് സാധ്യത. ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ഇന്നത്തെ ആദ്യ മത്സരയിനം.

അതേസമയം സമീപകാലത്തിന് വിപരീതമായി യാതൊരുവിധ വിവാദങ്ങളും ഇത്തവണ ഉയർന്നുകേട്ടിട്ടില്ല. പഴുതുകളടച്ച സംഘാടനത്തിനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നതെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

English Summary: On Day 3 of the Kerala State School Kalolsavam in Thrissur, Kannur leads with 487 points, closely followed by Kozhikode (483) and Thrissur (481). Alathur BSS Gurukulam HSS tops the school-wise points table with 118 points. Popular items like Kuchippudi, Thiruvathirakali, Parichamuttukali, Chavittunatakam, and Nangiarkoothu are scheduled for today, promising intense competition in the final hours.