തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം കൈവരിച്ച് കെഎസ്ആർടിസി. 2026 ജനുവരി അഞ്ചിന് 13 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനമാണ് കെഎസ്ആർടിസി നേടിയത്. ഈ നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജനുവരി അഞ്ചിന് ലഭിച്ച ആകെ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമായും 0.83 കോടി രൂപ ടിക്കറ്റ് ഇതര വരുമാനമായുമാണ് ലഭിച്ചതെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
“ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ” എന്ന വാക്കുകളോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നതെന്നും, അസാധ്യമെന്നു കരുതിയ കാര്യങ്ങൾ സാധ്യമാക്കാൻ ജീവനക്കാർക്ക് കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്നും'' മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ ഓരോ നേട്ടവും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും, ഇനിയും ദൂരം മുന്നോട്ട് പോകാനുണ്ടെന്നും മന്ത്രി കുറിച്ചു.
കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിത പരിശ്രമമാണ് തുടർച്ചയായ മികച്ച വരുമാന നേട്ടങ്ങൾക്ക് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താതെയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തിയും ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു.
മന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടപ്പാക്കിയ പരിഷ്കരണങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള തുടർ പ്രവർത്തനങ്ങളും കെഎസ്ആർടിസിയെ സ്വയംപര്യാപ്തതയിലേക്കുള്ള വഴിയിൽ ശക്തമായി മുന്നോട്ട് നയിച്ചതായും, പുതിയ ബസുകളുടെ വരവും സേവനങ്ങളിലെ മാറ്റങ്ങളും പൊതുജനങ്ങളിൽ കെഎസ്ആർടിസിയിലേക്കുള്ള വിശ്വാസം വർധിപ്പിച്ചുവെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.
English Summary: KSRTC recorded its highest-ever single-day revenue, crossing ₹13 crore on January 5, 2026. Transport Minister K.B. Ganesh Kumar termed it a historic achievement driven by collective effort and efficiency.