Kerala

അതിജീവനത്തിനൊരു കൈത്താങ്ങ്; സന്ധ്യയെ സന്ദർശിച്ച് മമ്മൂട്ടി

വീടും സ്ഥലവും സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ശ്രമിക്കാമെന്ന് മമ്മൂട്ടി ഉറപ്പുനൽകിയതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്

Madism Desk

കൊച്ചി: കഴിഞ്ഞ വർഷം ഒക്ടോബർ 25-ന് അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ഇടത് കാൽ നഷ്ടപ്പെട്ട സന്ധ്യയെ നേരിൽ കണ്ടു ആശ്വസിപ്പിച്ച് നടൻ മമ്മൂട്ടി. ആലുവയിലെ രാജഗിരി ആശുപത്രിയിൽ കൃത്രിമക്കാൽ വെച്ചതിന് ശേഷം ആദ്യമായി പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

സന്ധ്യയുടെ ആരോഗ്യസ്ഥിതി വിശദമായി ചോദിച്ചറിഞ്ഞ മമ്മൂട്ടി, വീടും സ്ഥലവും സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങിയതായി സന്ധ്യയും അറിയിച്ചു.

മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ഇടത് കാലിൽ രക്തയോട്ടം പൂർണമായും തടസ്സപ്പെട്ട നിലയിലായിരുന്നു. എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും ചതഞ്ഞ പേശികളിലെ ദോഷഫലങ്ങൾ മൂലം മുട്ടിന് മുകളിൽ വച്ച് കാൽ നീക്കം ചെയ്യേണ്ടതായി വന്നു.

ചികിത്സക്കും കൃത്രിമക്കാലിനുമായി ഏകദേശം 20 ലക്ഷം രൂപ ചെലവായി. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽയും രാജഗിരി ആശുപത്രിയും ചേർന്ന് സൗജന്യമായാണ് ചികിത്സയും കൃത്രിമക്കാലും ഒരുക്കിയത്. ജനുവരി 31-ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സന്ധ്യയ്ക്ക് കൃത്രിമക്കാൽ ഘടിപ്പിച്ചു.

അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമിച്ച ഹൈഡ്രോളിക് സംവിധാനമുള്ള കൃത്രിമക്കാലാണ് നൽകിയത്. നിരപ്പല്ലാത്ത സ്ഥലങ്ങളിലും ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന കാർബൺ ഫൈബർ പാദമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്രിമക്കാലിനായി മാത്രം ഏഴര ലക്ഷം രൂപയോളം ചെലവായതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ചികിത്സയ്ക്കിടെ വീഡിയോ കോളിലൂടെ സന്ധ്യയുമായി മമ്മൂട്ടി ആശയവിനിമയം നടത്തിയിരുന്നു. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയതിന് പിന്നാലെയാണ് ആവശ്യമായ സഹായം ഉറപ്പാക്കിയതും. നഴ്‌സിങ് വിദ്യാർഥിനിയായ മകളാണ് സന്ധ്യയുടെ ഇപ്പോഴത്തെ ആശ്രയം. കൃത്രിമക്കാലിന്റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സന്ധ്യ.

English Summary: Mammootty met and consoled Sandhya, who lost her left leg in the Adimali landslide. With support from Care and Share International and Rajagiri Hospital, she received a prosthetic limb and continues recovery