Kerala

പ്രണയത്തിന്റെ പേര് ‘ലൗ ജിഹാദ്’ എന്നല്ല; ആരോപണങ്ങൾ തള്ളി മൊണാലിസ ഭോസ്‌ലെ

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർഹാനും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്

Madism Desk

തിരുവനന്തപുരം: വിവാഹത്തിന് പിന്നാലെ ഉയർന്ന ‘ലൗ ജിഹാദ്’ പ്രചാരണങ്ങളിൽ വിശദീകരണവുമായി കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്‌ലെ. വിവാഹം മതപരിവർത്തനവുമായി ബന്ധപ്പെട്ടതാണ് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റായതാണെന്നും പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മൊണാലിസ വ്യക്തമാക്കി. വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചതിനെ തുടർന്നാണ് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും കെ-സ്മാർട്ട് സംവിധാനത്തിലൂടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതായും മോണാലിസ പറഞ്ഞു.

കേരളത്തിൽ തന്നെ തുടരണമെന്ന ആലോചനയിലാണെന്നും താനും പങ്കാളിയെന്നും മൊണാലിസ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർഹാനും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്. കുടുംബം ബന്ധത്തെ എതിർത്തതോടെ ഇരുവരും സംരക്ഷണം തേടി പൊലീസിനെ സമീപിക്കുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു സുരക്ഷിതമായ ഇടമായി കേരളത്തെ തെരഞ്ഞെടുത്തതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.

മൊണാലിസയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, പ്രായപൂർത്തിയായ വ്യക്തിയായതിനാൽ വിവാഹവും ജീവിതവും സംബന്ധിച്ച തീരുമാനങ്ങൾ സ്വമേധയാ എടുക്കാനുള്ള നിയമപരമായ അവകാശം മൊണാലിസയ്ക്കുണ്ടെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തി. പിന്നീട് പൊലീസ് സുരക്ഷയിൽ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നു. ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

English Summary: Monalisa Bosle from Indore denied claims that her marriage was a case of “love jihad.” She said the decision was her own as an adult and clarified that media reports linking it to religious conversion were false.