ആലപ്പുഴ: പാർട്ടി വിടാനൊരുങ്ങുന്നുവെന്ന മുതിർന്ന നേതാവ് ജി സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ചു. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്ന ആവശ്യവുമായാണ് വിളിച്ചത്. വാർത്താ സമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ജി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം തന്നെ ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ തന്നെ അവഗണിച്ചു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാതി പറഞ്ഞിരുന്നു. എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചുവെന്നും, ആരും അത് തിരുത്താൻ തയ്യാറായില്ല എന്നും അദ്ദേഹം വിമർശിച്ചു. നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയായിരുന്നു സിപിഐഎമ്മിനെതിരെയുള്ള ജി സുധാകരന്റെ കടന്നാക്രമണം.
പാർട്ടി അംഗത്വം പുതുക്കണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടെങ്കിലും, മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും സുധാകരൻ ആവർത്തിച്ചു എന്നാണ് വിവരം. അതേസമയം, സുധാകരന്റെ പരിഭവം താൻ മനസിലാക്കുന്നു എന്നായിരുന്നു സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ പ്രതികരണം. സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
English Summary: Following veteran leader G. Sudhakaran indicating that he may leave CPIM, party State secretary M. V. Govindan personally called him and urged him to renew his party membership.