Perumbalam bridge image credit: instagram
Kerala

ഒരു ജനതയുടെ സ്വപ്ന സാഫല്യം; പെരുമ്പളം പാലം യാഥാർഥ്യമായി, നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

2016–17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയായ പെരുമ്പളം പാലം കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെയാണ് യാഥാർഥ്യമായത്

Madism Desk

പൂച്ചാക്കൽ: കാലങ്ങളായുള്ള പെരുമ്പളം നിവാസികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്തി പിണറായി വിജയൻ. വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമാണ് പെരുമ്പളം പാലം. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

നാലുവശവും വേമ്പനാട് കായലാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇതോടെ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതം അവസാനിക്കുകയാണ്. 2016–17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയായ പെരുമ്പളം പാലം കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെയാണ് യാഥാർഥ്യമായത്. ഏകദേശം 106 കോടി രൂപ ചെലവഴിച്ച് 1.455 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചത്. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന്റെ കെആർഎഫ്ബി വിഭാഗത്തിനായിരുന്നു.

ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകൾ ഒഴിവാക്കി ബോസ്റ്റ്രിംഗ് ആർച്ച് മാതൃകയിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. പെരുമ്പളത്തേക്ക് റോഡ് ഗതാഗതം ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങും. ആദ്യഘട്ടത്തിൽ പെരുമ്പളം പാലം മൈതാനം ബസ് സ്റ്റാൻഡായി ഉപയോഗിക്കാനും പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് നിർമ്മിക്കാനും തീരുമാനിച്ചതായാണ് വിവരം.

English Summary: Pinarayi Vijayan inaugurated the Perumbalam Bridge across Vembanad Lake, ending decades of travel difficulties for residents of Perumbalam island.