അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരൻ കാണിച്ചത് 'ചെറ്റത്തരം' ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പാർട്ടിയെ വഞ്ചിച്ച് കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചത് അങ്ങേയറ്റം ഗൗരവകരമായ തെറ്റാണ്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി പല പ്രമുഖരും സ്ഥാനങ്ങളിൽ നിന്ന് മാറിയിട്ടുണ്ടെന്നും എന്നാൽ സുധാകരൻ തനിക്ക് പ്രത്യേക പദവി ലഭിക്കണമെന്ന് ആഗ്രഹിച്ചത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ നിലപാടുകളെ ജി. സുധാകരനുമായി താരതമ്യം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. കെ. സുധാകരൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ തീരുമാനത്തിന് അദ്ദേഹം വഴങ്ങിയത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. എന്നാൽ ജി. സുധാകരൻ പാർട്ടിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് പെരുമാറിയത്. ഇതിനെ 'വഞ്ചന' എന്നല്ലാതെ മറ്റൊരു വാക്കുപയോഗിച്ച് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും പാർട്ടിയെ പിന്നിൽ നിന്ന് കുത്തുകയാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ജി. സുധാകരൻ പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ ഗൂഢാലോചനകൾ നടത്തിയിരുന്നതായാണ് ഇപ്പോൾ മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താൻ നേരിട്ട് ശ്രമിച്ചിരുന്നു. എന്നാൽ സാധാരണ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് വിരുദ്ധമായി, സ്ഥാനമോഹത്തിന് വേണ്ടി ഏത് അധഃപതനത്തിലേക്കും പോകാൻ അദ്ദേഹം തയ്യാറായതിൽ ലജ്ജിക്കുന്നു. പാർട്ടി അർപ്പിച്ച വലിയ വിശ്വാസമാണ് അദ്ദേഹം ഇല്ലാതാക്കിയത്. ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും ഇതിനായുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം മുൻപേ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അവിടെ പി.കെ. ശ്യാമളയെപ്പോലെയുള്ള മികച്ച വനിതാ സ്ഥാനാർത്ഥികളെയാണ് പാർട്ടി പരിഗണിച്ചത്. പാർട്ടി വിട്ടുപോയ ടി.കെ. ഗോവിന്ദനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ആർക്കും ഉണ്ടായിരുന്നില്ല. അധികാരത്തോടുള്ള അമിത മോഹം രാഷ്ട്രീയ പ്രവർത്തകരെ വഞ്ചകരാക്കി മാറ്റുമെന്നും, ചരിത്രത്തിൽ ഇത്തരം ഒറ്റപ്പെട്ട വഞ്ചനകൾ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
English Summary: Pinarayi Vijayan strongly criticized G. Sudhakaran for contesting as an independent candidate, calling it a betrayal of the party. He accused Sudhakaran of undermining party trust and acting against party discipline for personal ambitions.