ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമായിരുന്നു ജാമ്യം നൽകിയത്.
കേസിൽ അറസ്റ്റിലായി 90 ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാണിച്ച കോടതി സ്വാഭാവികജാമ്യത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി അർഹനാണെന്ന് വ്യക്തമാക്കുകയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
2 ലക്ഷം രൂപ വീതമുള്ള 2 ആൾ ജാമ്യം, ചൊവ്വ വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് പുറത്തുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് കട്ടിളപ്പാളി കേസിൽ പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സ്വർണ്ണക്കൊള്ള കേസിൽ ഇതിനോടകം തന്നെ മൂന്ന് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറുമാണ് ഇതിനു മുൻപ് സ്വാഭാവികജാമ്യം ലഭിച്ചത്. അതേസമയം, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി റിമാൻഡിൽ കഴിയവെ 43ാം ദിവസം കോടതി ജാമ്യം നൽയിരുന്നു.