Kerala

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

രാഹുൽ മാങ്കൂട്ടത്തിൽ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നുമാണ് അതിജീവിതയുടെ പരാതി

Madism Desk

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. മാങ്കൂട്ടത്തിൽ സമർ‍പ്പിച്ച ജാമ്യഹരജിയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെ രണ്ട് മണിക്കൂറോളം ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിധി പറയുന്നത്. എല്ലാം പരസ്പര സമ്മതത്തോടെ നടന്ന കാര്യങ്ങളാണെന്നാണ് പ്രതിഭാ​ഗം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്, വാദത്തിന് ശക്തിപകരുന്നതിനായി പരാതിക്കാരിയുടെ ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായിട്ടാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നും പ്രതിഭാ​ഗം വാദിച്ചു. എന്നാൽ പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി കോടതിയോട് അഭ്യർത്ഥിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നുമാണ് അതിജീവിതയുടെ പരാതി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്തായിരുന്നു രാഹുലുമായി പരിചയപ്പെടുന്നത്. പിന്നീട് ഹോട്ടൽ മുറിയിലെത്താൻ ആവശ്യപ്പെടുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭച്ഛിദ്രത്തിനു കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഡിജിപിക്ക് ലഭിച്ച പരാതി സ്വീകരിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനെതിരെ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനുവരി 10ന് അർധരാത്രിയോടെ അതീവ രഹസ്യമായി രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ പ്രത്യേക അന്വേഷണ സംഘമാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. രാഹുൽ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോണിന്റെ പാസ് വേർഡ് നൽകാൻ വിസമ്മതിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്. അറസ്റ്റിലായ ശേഷം രാഹുൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ അറസ്റ്റിന് പിന്നാലെ എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.

English Summary: Palakkad MLA Rahul Mamkootathil bail plea in the third rape case will be decided by the court today in Pathanamthitta. After intense arguments lasting over two hours yesterday, the defence claimed the relationship was consensual (submitting chats as evidence) and the arrest was illegal. SIT opposed bail, describing him as a habitual offender.