ഒരു സിനിമ കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമാണെന്നും, 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കാണാൻ താൽപര്യം ഇല്ലാത്തവർ കാണേണ്ട എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സ്റ്റോറി 2-വുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എമ്പുരാൻ കാണാത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ:
"എനിക്ക് ഏറെ ബഹുമാനമുള്ള നടനാണ് മോഹൻലാൽ, അദ്ദേഹം എന്‍റെ നല്ലൊരു സുഹൃത്താണ്. എമ്പുരാന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ ആളാണ് ഞാന്‍. എന്നാൽ 'എമ്പുരാൻ' കാണില്ലെന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. എമ്പുരാന്‍ ബഹിഷ്കരിച്ചുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് കണ്ടില്ല. ചിലര്‍ എന്നോട് പറഞ്ഞു സിനിമ ശരിയായി എടുത്തിട്ടില്ലെന്ന്. മുഖ്യമന്ത്രിയല്ലല്ലോ നമ്മുടെ ഇഷ്ടങ്ങൾ തീരുമാനിക്കേണ്ടത്. നിങ്ങളല്ലേ?. കേരള സ്റ്റോറി നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കാണണ്ട. പക്ഷേ ഇഷ്ടമുള്ളവര്‍ക്ക് കാണാനുള്ള അവകാശമുണ്ട്"
അതേ സമയം, 'ദി കേരള സ്റ്റോറി'യുടെ തുടർച്ചയായ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' (Beyond The Kerala Story) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് ചിത്രത്തിന്‍റെ ഉള്ളടക്കത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും വിവാദങ്ങൾ ശക്തമായിരിക്കുകയാണ്.
എമ്പുരാനെ കുറിച്ചുള്ള രാജീവ് ചന്ദ്രശേഖറിന്റെ പഴയ പോസ്റ്റ്:
‘‘ ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾതന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമ നിർമാണത്തിൽ ഞാൻ നിരാശനാണോ? - അതെ’’.
English Summary: BJP Kerala president Rajeev Chandrasekhar stated that watching 'The Kerala Story 2: Goes Beyond' is a personal choice and that those who dislike it simply need not watch it.